ബാംഗ്ലൂർ: കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ കണ്ടെത്തി പോലീസ്. കർണാടകയിലെ തുംകൂരുവിലാണ് സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
വെറും 35,000 രൂപയ്ക്ക് വേണ്ടിയാണ് ബാലികയെ അമ്മയുടെ സഹോദരി വിറ്റത്. കുട്ടിയുടെ അമ്മ തന്റെ സഹോദരിയിൽ നിന്നു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കി കൊടുക്കാൻ കഴിയാതെ വന്നപ്പോൾ കുട്ടിയെ സഹോദരി കൊണ്ട് പോകുകയായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ മനസിലാക്കിയാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോകുന്നതെന്നും അവിടെ നിർത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും യുവതി കുട്ടിയുടെ അമ്മയോട് പറഞ്ഞിരുന്നു.
എന്നാൽ, ബാലികയെ ഹിന്ദുപുരയിൽ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്ക് വിൽക്കുകയായിരുന്നു. കുട്ടിയെ സ്കൂളിൽ ചേർത്തെന്ന് അമ്മയെ അറിയിച്ചിരുന്നു.
എന്നാൽ, ഒരു വർഷമായിട്ടും മകളെ തിരിച്ചെത്തിക്കാത്തതിനാൽ യുവതി സഹോദരി താമസിക്കുന്ന ഹിന്ദുപുരത്ത് എത്തിയപ്പോഴാണ് മകളെ വിറ്റതായി അറിഞ്ഞത്.
തുടർന്ന്, യുവതി ശ്രീരാമുലുവിനെ ഫോണിൽ വിളിച്ച് മകളെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരിയും ഭർത്താവും വാങ്ങിച്ച 35,000 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടിയുടെ അമ്മ പോലീസിനെ സമീപിക്കുകയായിരുന്നു.