തിരുവനന്തപുരം: പി.വി അന്‍വർ എം.എൽ.എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട മുന്‍ എസ്.പി എസ് സുജിത് ദാസിനെതിരേ കസ്റ്റംസ് അന്വേഷണം.
ദുബായില്‍ നിന്ന് സ്വര്‍ണം വരുമ്പോള്‍ ഒറ്റുകാര്‍ വഴി സുജിത് ദാസിന് വിവരം കിട്ടാറുണ്ട് എന്നതടക്കമുള്ള ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റാണ് അന്വേഷണം നടത്തുക.
ഇത് സംബന്ധിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന സമയത്ത് നിരവധി തവണ സ്വര്‍ണക്കടത്ത് പിടികൂടിയിട്ടുണ്ട്.
ഇത്തരത്തില്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്‍റെ അളവുകളില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് വിശദമായി പരിശോധിക്കാനാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്‍റെ തീരുമാനം.
വിമാനത്താവളത്തില്‍നിന്ന് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെടാതെ പുറത്തെത്തുന്ന സ്വര്‍ണം പൊലീസിന് എങ്ങനെയാണ് പിടികൂടാന്‍ കഴിയുന്നതെന്ന കാര്യവും പരിശോധിക്കും. സുജിത് ദാസിന്‍റെ കാലത്ത് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍ വീണ്ടും അന്വേഷിക്കുകയും അതിൽ പിടികൂടിയ സ്വർണത്തിന്‍റെ തൂക്കവും അളവും പരിശോധിക്കാനുമാണ് കസ്റ്റംസിന്‍റെ ആദ്യഘട്ടത്തിൽ നീക്കം.
അതേസമയം, മലപ്പുറത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ മരം മുറി കേസൊതുക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഫോണില്‍ വിളിച്ച പത്തനംതിട്ട എസ്.പി സുജിത് ദാസിനെ സ്ഥലംമാറ്റിയിരുന്നു. എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര വകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും സ്ഥലം മാറ്റത്തില്‍ ഒതുക്കുകയായിരുന്നു.