മൂലമറ്റം: തൊടുപുഴ, പീരുമേട് താലൂക്കുകളിലെ നിലവിലുള്ളതും, പുതിയതുമായ എല്ലാ ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുവാനും ഇതിനായി പുതിയ പദ്ധതികൾ തയ്യാറാക്കുവാനും വേണ്ടി മൂലമറ്റത്ത് ആലോചനായോഗം നടത്തി.
യോഗത്തിൽ പുതിയതും ആധുനീകവുമായ നിരവധി നിർദേശങ്ങൾ ഉയർന്ന് വന്നു. പീരുമേട് താലൂക്കിലെ വാഗമൺ, തേക്കടി ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടമായ തൊടുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ടൂറിസം സാധ്യതകൾ വിലയിരുത്തുവാനായി ചേർന്ന ആലോചനായോഗത്തിലാണ് പുതിയ പദ്ധതികൾ ഉയർന്ന് വന്നത്.
ത്രിതല പഞ്ചായത്തുകളും മറ്റ് ഇതര സർക്കാർ ഏജൻസികളും നടപ്പാക്കിയതും നടപ്പാക്കുന്നതുമായ പല പദ്ധതികളും നിലച്ചതും പാതി വഴിയിൽ ഉപേക്ഷിച്ചതും ഫണ്ടിൻ്റെ അപര്യാപ്തതയും ലോറേഞ്ച് ടൂറിസത്തിൻ്റെ സാധ്യതകൾക്ക് തടസ്സം നിൽക്കുകയാണ്.
ഈ സാഹചര്യത്തിലാണ് രണ്ട് താലൂക്കുകളിലെ മുഴുവൻ ടൂറിസം സാധ്യതകളും പഠിച്ച് ഒരു മെഗാ പ്രോജക്ട് തയ്യാറാക്കി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി മുഖാന്തരം കേന്ദ്രത്തിന് നൽകുവാൻ തീരുമാനമെടുത്തിട്ടുള്ളത്.
വിവിധ പഞ്ചായത്തുകളിൽ നിന്ന് നിരവധി വ്യത്യസ്ഥങ്ങളായ നിർദേശങ്ങളും പ്രോജക്ടുകളും ആലോചനായോഗത്തിൽ തന്നെ ലഭിച്ചു. ഇനിയുമുള്ള സാധ്യതകൾ അതാത് സ്ഥലങ്ങൾ സന്ദർശിച്ച് ഡാറ്റാ കളക്ഷൻ നടത്തി തയ്യാറാക്കുവാനും ഇനിയും അല്ലാതെ വരുന്ന നിർദ്ധേശങ്ങൾ കൂടി പരിഗണിക്കുവാനും യോഗം തീരുമാനമെടുത്തു.
മൂലമറ്റം വൈ.എം.സി.എ ഹാളിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എ വേലുക്കുട്ടൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് അറക്കുളം ടൂറിസം കൗൺസിൽ കോർഡിനേറ്റർ സണ്ണി കൂട്ടുങ്കൽ സ്വാഗതവും സഹകോർഡിനേറ്റർ ജോസ് ഇടക്കര നന്ദിയും രേഖപ്പെടുത്തി. വ്യത്യസ്ത പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് എത്തിയ ടൂറിസം, വ്യാപാരി വ്യവസായി, ഹോട്ടൽ, റിസോർട്ട്, ഹോം സ്റ്റേ പ്രതിനിധികൾ പുതിയ പ്രോജക്ടുകളും, നിർദ്ദേശങ്ങളും അവതരിപ്പിച്ചു.
തോമസ് മൈലാടുർ, ഫൈസൽമുട്ടം, കെ.ആർ സന്തോഷ്കുമാർ, ശശി ബി മറ്റം, കെ.കെ നാരായണൻ, കെ.എം ജോർജ്, ജിജി മഞ്ഞക്കുന്നേൽ, സജി പോൾ, ജോസ് മാത്യു, ടോമി മൂഴിക്കുഴി, ജോസ് ചുവപ്പുങ്കൽ, തോമസ് വെട്ടിക്കുഴി, പി.ഡി ജോസ്, എം.ഡി ദേവദാസ്, ബിജു ജോർജ്, ബേബി ജോസഫ്മനു മാത്യു, ജോസഫ് കുര്യൻ, മോഹൻദാസ്, ബേബി ജോസഫ്, എം.ജി ഭാസ്ക്കരൻ, ജിനോജ് എം കുര്യൻ, കെ.കെ ചന്ദ്രൻ, ജോസ് ജോസഫ് ദിനേഷ് കുമാർ തുടങ്ങിയവർ പദ്ധതി വിശദീകരണം നടത്തി.