തൊടുപുഴ: ഇടവെട്ടിക്കാരുടെ പ്രിയപ്പെട്ട ഏലിക്കുട്ടി അമ്മച്ചി സ്വർഗ്ഗലോകത്തേക്ക് യാത്രയായി. നൂറിന്റെ പടിയിലെത്തിയ പാണംപീടികയിൽ ഏലിക്കുട്ടി അമ്മച്ചി ആലക്കോട് സെന്റ് തോമസ് മൂർ പള്ളി ഇടവകയിലെ ഏറ്റവും പ്രായം കൂടിയ അമ്മച്ചിയാണ്. ഈ പ്രായത്തിലും ഇടവെട്ടിയിലെ, മകന്റെ പലചരക്കുകടയിൽ വന്നിരുന്നു കച്ചവടത്തിൽ മകനെ സഹായിക്കുമായിരുന്നു അമ്മച്ചി. രാവിലെ ഏഴരക്ക് കടയിൽ വന്നാൽ തിരിച്ചുപോകുന്നത് രാത്രിയിൽ. നാരങ്ങാവെള്ളം , മിട്ടായി , മുറുക്കാൻ, പാൽ , സ്റ്റേഷനറി ഐറ്റംസ് തുടങ്ങിയ അല്ലറചില്ലറ വ്യാപാരങ്ങളെല്ലാം അമ്മച്ചിയുടെ കൈകൾകൊണ്ടാണ്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ എത്രനേരം ഇരിക്കാനും ജോലിചെയ്യാനും മടിയുണ്ടായിരുന്നില്ല.
ചെറുപ്പത്തിലേ നന്നായി ജോലിചെയ്തു ശീലിച്ചതുകൊണ്ട് ഇപ്പോൾ ജോലിചെയ്തില്ലെങ്കിലേ ബുദ്ധിമുട്ടുള്ളൂ എന്ന് അമ്മച്ചി പറയുമായിരുന്നു. വിശ്രമം എന്നൊരു വാക്കേ അമ്മച്ചിയുടെ നിഘണ്ടുവിലില്ലായിരുന്നു. പുതുതലമുറയിലെ പെണ്ണുങ്ങൾ ശരിക്കും കണ്ടുപഠിക്കേണ്ടതാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ജീവിതം.
സ്വന്തം അമ്മയെപ്പോലെ നാട്ടുകാരും ഏലിക്കുട്ടി അമ്മച്ചിയെ സ്നേഹിച്ചിരുന്നു. എപ്പോഴും കടയിൽ കാണുന്നതുകൊണ്ട് എല്ലാവർക്കും അമ്മച്ചിയെ പരിചയമുണ്ട്. പാണം പീടികയിൽ അമ്മച്ചി എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. അമ്മച്ചിയെ അറിയാത്തവർ ഇടവെട്ടി കരയിലും പരിസരത്തും ആരും തന്നെയില്ല.
അതിജീവനത്തിന്റെ കഥയാണ് അമ്മച്ചിക്ക് പറയാനുള്ളത്. ഇച്ഛാശക്തിയുണ്ടെങ്കിൽ ഒരു പെണ്ണിന് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മുൻപോട്ട് പോകാം എന്നതിന് തെളിവാണ് ഏലിക്കുട്ടി അമ്മച്ചിയുടെ ജീവിതകഥ. പ്രശ്നങ്ങളെയും പ്രയാസങ്ങളെയും പുഞ്ചിരിയോടെ നേരിട്ടു. എല്ലാവരോടും സ്നേഹത്തോടെ മാത്രം പെരുമാറി. മക്കളെ എല്ലാവരെയും ഒരുകുടക്കീഴിൽ നിറുത്തി പരസ്പര സ്നേഹത്തോടെ വളർത്തി വലുതാക്കി കരപറ്റിച്ചു.
മലയാളവർഷം 1102 ചിങ്ങമാസം 23ന് ജനനം. നാലാം ക്ളാസു വരെ മാത്രം പഠനം. തുടർ പഠനത്തിന് അക്കാലത്ത് ഫീസു കൊടുക്കേണ്ടിയിരുന്നതിനാൽ പഠിത്തം മുടങ്ങി.
ഏലിക്കുട്ടി അമ്മച്ചിയ്ക്ക് സഹോദരിമാർ ആറുപേര് ആണ്. ആങ്ങള ഒരാൾ മാത്രം. എലിക്കുട്ടിയുടെ കല്യാണം കഴിഞ്ഞാണ് ആ ആങ്ങള ജനിച്ചത്. അതുകൊണ്ട് കുഞ്ഞാങ്ങളയെ മതിയാവോളം കൊഞ്ചിക്കാനും ലാളിക്കാനും മൂത്തപെങ്ങൾക്ക് കഴിഞ്ഞില്ല. എങ്കിലും വീട്ടിൽ വരുമ്പോഴൊക്കെ കൊതിതീരുവോളം എടുത്തു നടക്കും. കയർപിരിച്ച് അതു കൊണ്ടുപോയി വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ചാച്ചൻ മക്കളെ വളർത്തിയത്. ആ ജോലിയിൽ ഏഴുപെൺമക്കളൂം ചാച്ചനെ സഹായിച്ചിരുന്നു എന്ന് ഏലിക്കുട്ടി അമ്മച്ചി പറഞ്ഞു.
21 ആമത്തെ വയസ്സിലായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞു ഭർതൃവീട്ടിൽ ചെന്നപ്പോഴും ജോലിചെയ്യാൻ മടിയുണ്ടായില്ല. സ്നേഹം കൊണ്ട് എലിക്കുട്ടിയെ വീർപ്പുമുട്ടിച്ച ഭർത്താവ് കുര്യൻ ജോലിക്കു പോകാൻ മടിച്ചുനിന്നപ്പോൾ പെണ്ണിന്റെ ധൈര്യം പുറത്തെടുത്തു പത്തുവയസ്സായ മകനെയും കൂട്ടി ഏലിക്കുട്ടി നെല്ലുകുത്താൻ പോയി. നെല്ലുകുത്താൻ മാത്രമല്ല കൊയ്യാനും കറ്റമെതിക്കാനും കല്ലുചുമക്കുവാനുമൊക്കെ പോയി ഏലിക്കുട്ടി പണം സമ്പാദിച്ചു. അങ്ങനെ മക്കളെ ദാരിദ്ര്യം അറിയിക്കാതെ വളർത്തി.
ഏലിക്കുട്ടി അമ്മച്ചിക്ക് മക്കൾ എട്ടുപേരാണ്. അഞ്ചാമത്തെ മകൻ ജോസഫിനെ രണ്ടാം വയസിൽ മാലാഖമാർ വന്നു ദൈവസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്നാമത്തെ മകൻ ജോണി 57 ആമത്തെ വയസിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അമ്മച്ചിയുടെ ഇളയ മകൾ ലാലി സന്യസ്തജീവിതം സ്വീകരിച്ചു സിസ്റ്റർ റാഫേലായി.
ചെറുപ്പം മുതലേ ദൈവവിശ്വാസത്തിലും ദൈവസ്നേഹത്തിലും വളർന്നുവന്നത് കൊണ്ട് പള്ളിയിൽ പോക്ക് ഒരിക്കലും മുടക്കിയിട്ടില്ല ഏലിക്കുട്ടി അമ്മച്ചി. വീട്ടിൽ സന്ധ്യാപ്രാർത്ഥന ഒരുമണിക്കൂറോളം നീളും. മക്കളും കൊച്ചുമക്കളുമെല്ലാം ആ പ്രാർത്ഥനയിൽ മടികൂടാതെ പങ്കെടുക്കും. മാതാവിനെ സ്തുതിക്കുന്ന പാട്ടുകളും വിശുദ്ധരെ വണങ്ങുന്ന പാട്ടുകളുമൊക്കെ ഏലിക്കുട്ടി അമ്മച്ചിക്ക് കാണാപ്പാഠമാണ്.
എന്നും എപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു മുൻപോട്ട് പോകുവാനുള്ള ഒരു മനസും അതിനുള്ള ഒരു തീഷ്ണതയും അമ്മച്ചിക്കുണ്ടായിരുന്നു. ആ വിശ്വാസതീഷ്ണത മക്കളിലേക്കു പകർന്നു കൊടുക്കാനും അമ്മച്ചിക്ക് കഴിഞ്ഞു.