ആലപ്പുഴ: കലവൂരിൽ വയോധികയായ സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അറസ്റ്റിലായ പ്രതി മാത്യുവിൻറെ ബന്ധുവിനും പങ്ക്. മാത്യുവിൻറെ ബന്ധുവും സുഹൃത്തുമായ റൈനോൾഡിനെ പൊലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കസ്റ്റഡിയിൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മാത്യൂസ്, ശർമിള, റൈനോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുക ആയിരുന്നു.
സ്വർണാഭരണങ്ങൾ കൈക്കലാക്കുക ആയിരുന്നു ലക്ഷ്യം. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ച് നൽകിയത് റൈനോൾസാണെന്ന് പൊലീസ് പറഞ്ഞു.
സ്വർണം കവരുമ്പോൾ റൈനോൾഡും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഓഗസ്റ്റ് നാല് മുതലുള്ള വിവിധ ദിവസങ്ങളിലായി ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കുറച്ച് കുറച്ചായി മോഷ്ടിക്കുക ആയിരുന്നു.
ഓഗസ്റ്റ് ഏഴിന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ട സുഭദ്ര തിരികെ തരണമെന്നും പൊലീസിൽ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് ഏഴിന് പകൽ സുഭദ്രയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷമാണെന്നാണ് പൊലീസ് പറയുന്നത്.
എഴുപത്തിമൂന്ന് വയസ്സുള്ള സുഭദ്രയുടെ നെഞ്ചിൽ ചവിട്ടിയെന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. മരിച്ചെന്ന് ഉറപ്പായതോടെ മാലിന്യം കുഴിച്ചുമൂടാനെന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുക ആയിരുന്നു. രാത്രി ഈ കുഴിയിലാണ് സുഭദ്രയെ മറവ് ചെയ്തത്.