തൊടുപുഴ: ഉടുമ്പന്നൂർ – തൊടുപുഴ റോഡിലെ കുന്നം മുതൽ മങ്ങാട്ടുകവല വരെയുള്ള ഭാഗത്ത് പതിവായിരിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായി ചില തൽപ്പരകക്ഷികൾ ഉയർത്തിക്കാട്ടുന്ന കുന്നം – തൊടുപുഴ ബൈപ്പാസ് അശാസ്ത്രീയമാണെന്ന് മുതലക്കോടം വികസന സമിതി വിലയിരുത്തി.
പദ്ധതിയുടെ സിംഹഭാഗവും കടന്ന് പോകുന്നത് ഈ മേഖലയിലെ പ്രധാന തണ്ണീർ തടങ്ങളിലൂടെയാണ്. അഞ്ച് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, രണ്ട് നഴ്സിംഗ് കോളജുകൾ, വൃദ്ധമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, രണ്ടായിരത്തിലധികം കുടുംബങ്ങൾ എന്നിവ ഈ മേഖലയിലുണ്ട്. ഇവയുടെ പ്രധാന കുടിവെള്ള സ്രോതസാണ് ഈ തണ്ണീർതടങ്ങൾ. കേരളത്തിൽ വംശനാശഭീഷണി നേരിടുന്ന ശുദ്ധജല മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളാണ് ഇവിടം. മാത്രമല്ല തൊടുപുഴ മേഖലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഏക പ്രദേശവുമാണ് ഇത്. പ്രകൃതിയുടെ വരദാനമായ ഈ തണ്ണീർ തടങ്ങൾ നശിപ്പിക്കുന്ന പദ്ധതി അംഗീകരിക്കാനാവില്ല.
റോഡ് വികസനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മുഖ്യ ജില്ലാ റോഡെന്ന പദവിയുള്ള പട്ടയം കവല – കാരിക്കോട് പി.ഡബ്ല്യൂ.ഡി റോഡ് കൈയേറ്റം ഒഴിപ്പിച്ച് വികസിപ്പിക്കുകയാണെങ്കിൽ കുറഞ്ഞ ചിലവിൽ കുന്നം – തൊടുപുഴ ബൈപാസ് യാഥാർത്ഥ്യമാകും. സാമ്പത്തികലാഭവും സമയലാഭവുമുണ്ട്. 2.6 കി.മീ മാത്രമാണ് ഈ റോഡിന്റെ ആകെ ദൂരം. 12ആം നൂറ്റാണ്ട് മുതൽ അതായത് കീഴ്മലയ് രാജാവിന്റെ ഭരണ കാലത്ത് കാരിക്കോട്, തൊടുപുഴ പ്രദേശങ്ങളെ ഉടുമ്പന്നൂർ മേഖലയുമായി ബന്ധിപ്പിച്ചിരുന്ന സഞ്ചാരപാതയാണ് ഇതെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റോഡിന്റെ വികസനം ചരിത്ര പ്രാധാന്യമുള്ള കാരിക്കോടിന്റെ വികസനത്തെ ത്വരിതപ്പെടുത്തും.
വാഹനങ്ങളുടെ അമിതമായ വർദ്ധനവ് കാരണം കുന്നം മുതൽ മങ്ങാട്ടുകവല വരെ ഗതാഗത കുരുക്ക് ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി വേഗത്തിൽ പൂർത്തീകരിക്കാവുന്നതും ചിലവ് കുറഞ്ഞതുമായ മാർഗങ്ങൾ മുന്നിലുള്ളപ്പോൾ കോടികൾ മുതൽ മുടക്കുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നതുമായ തണ്ണീർതടങ്ങളിലൂടെ റോഡ് നിർമ്മിക്കണം എന്ന് വാശിപിടിക്കുന്നവർക്ക് കച്ചവട താൽപ്പര്യം മാത്രമാണ് ഉള്ളത്.
പുതിയ ബൈപാസിനെ പറ്റി വാർത്തകൾ വന്നപ്പോൾ മുതൽ ഈ മേഖലയിൽ ഭൂമാഫിയയും ഭൂമി തരം മാറ്റി നൽകുന്ന ഇടനിലക്കാരും സജീവമായിട്ടുണ്ട്. തണ്ണീർതടങ്ങൾ നശിക്കാതെ ആകാശപാത നിർമ്മിക്കണം എന്ന ന്യായവാദം ഉയർത്തുന്നവരുണ്ട്. എന്നാൽ ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമ്പോൾത്തന്നെ തണ്ണീർതടങ്ങൾ നശിക്കുമെന്നതാണ് യാഥാർത്ഥ്യം.
തൊടുപുഴയിലെ തിരക്കേറിയ കവലകളായ മോർജംഗ്ഷൻ, വെങ്ങല്ലൂർ സിഗ്നൽ എന്നിവടങ്ങളിൽ അടിയന്തിരമായി മേൽപാലം നിർമ്മിക്കണമെന്ന ആവശ്യം എങ്ങുമെത്തിയിട്ടില്ല. മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് പാലം പണി കഴിഞ്ഞ് ഒരു ദശാബ്ദമായിട്ടും പൂർത്തീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കോടികൾ മുടക്ക് വരുന്ന നിർദ്ദിഷ്ട ബൈപാസിന് വേണ്ടി രണ്ടര കിലോമീറ്റർ നീളത്തിൽ ആകാശപാത നിർമ്മിക്കണമെന്ന വാദം യുക്തിഹീനവും അനാവശ്യവുമാണ്.