കൊച്ചി: ഗൂണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട മയക്ക് മരുന്ന് കേസിൽ സംശയത്തിന്‍റെ നിഴലിലായ നടി പ്രയാഗ മാർട്ടിൻ പ്രതികരണവുമായി രംഗത്ത്.
പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതി കൂടിയായ ഓംപ്രകാശിനെ കാണാൻ പ്രയാഗ അടക്കമുള്ള സിനിമാ താരങ്ങൾ ഹോട്ടലിൽ പോയെന്നാണ് ആരോപണം.
എന്നാൽ, മാധ്യമങ്ങൾ ഇതെക്കുറിച്ച് ചോദിച്ചപ്പോൾ, ഈ ഓംപ്രകാശ് ആരാണെന്നാണ് താൻ ആദ്യം തിരിച്ച് ചോദിച്ചതെന്ന് പ്രയാഗ പറയുന്നു. ഈ വാർത്തകൾ കേൾക്കും വരെ അങ്ങനെയൊരാളെ കുറിച്ച് അറിയുകയേ ഇല്ലായിരുന്നെന്നും നടി വ്യക്തമാക്കി.
പിന്നീട് ഗൂഗിളിൽ നോക്കിയാണ് കണ്ടുപിടിച്ചത്. ഹോട്ടലിൽ പോയത് ഓംപ്രകാശിനെ കാണാനല്ല. സുഹൃത്തുക്കളോടൊപ്പം പോയതാണ്, അവരുടെ സുഹൃത്തുക്കളെയാണ് അവിടെ കണ്ടത്. അത് ആരൊക്കെയെന്ന് അന്വേഷിക്കേണ്ട ആവശ്യം തനിക്കില്ല. അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.
എന്‍റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാനുള്ളതാണ്. അതിനെപ്പറ്റി മറ്റുള്ളവർ പറയുന്നത് സാധാരണ ശ്രദ്ധിക്കാറില്ല. പക്ഷേ, എന്നെക്കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നത് കേട്ട് മിണ്ടാതിരിക്കാനും കഴിയില്ല. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നും അറിയിച്ചു.