തിരുവനന്തപുരം: എൽ.ഡി.എഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനത്തിന് ശേഷം ആദ്യമായി നിയമസഭയിലെത്തിയ പി.വി അൻവർ എം.എൽ.എ വന്നത് തോർത്തുമായി.
തന്‍റെ സ്ഥാനം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലാണെന്നും, അതിന് അനുവദിച്ചില്ലെങ്കിൽ തറയിൽ വിരിച്ച് ഇരിക്കാനാണ് തോർത്തെന്നും വിശദീകരണം. രക്തസാക്ഷികളുടെ ചോര പുരണ്ടത് ഇത്തരത്തിലുള്ള ചുവന്ന തോർത്തിലാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
അതേസമയം, അൻവറിന് ഒറ്റയ്ക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർ എ.എൻ ഷംസീർ അനുമതി നൽകിയിരുന്നു. നാലാം നിരയിലെ സീറ്റാണ് പുതിയതായി അനുവദിച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം തന്നെ തീരുമാനമായിരുന്നതുമാണ്. അൻവർ കഴുത്തിൽ ചുറ്റിയിരുന്ന ഷാളും ശ്രദ്ധേയമായി. ഡി.എം.കെ പതാകയോട് സാമ്യമുള്ള കറുപ്പും ചുവപ്പും നിറമായിരുന്നു ഷോളിന്. ഡി.എം.കെയിൽ ചേരാൻ അൻവർ പരോക്ഷമായി താത്പര്യം അറിയിച്ചിരുന്നെങ്കിലും, ഡി.എം.കെ ഒട്ടും വൈകാതെ ഇതു നിരസിച്ചിരുന്നു.