കൊച്ചി: കോലഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് പാങ്കോട് കവലയ്ക്ക് സമീപമുള്ള 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാർ വീണത്. കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ആലുപ കൊമ്പാറ സ്വദേശികളായ എം.അനിൽ(27), ഭാര്യ വിസ്മയ(26) എന്നിവരെയാണ് അഞ്ച് അടിയോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്ന കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. റോഡിലെ ചപ്പാത്തിലേക്ക് ഇറക്കിയപ്പോൾ കാർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. കിണറിന്‍റെ സംരക്ഷണ ഭിത്തി തകർത്ത് കൊണ്ട് കാർ കിണറ്റിലേക്ക് പതിക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ചാണ് കാർ പുറത്തേക്കെടുത്തത്.