ആഗ്ര: നാണക്കേടു വരുത്തി വച്ച മകളെ കൊലപ്പെടുത്താനായി അമ്മ സമീപിച്ചത് മകളുടെ കാമുകനെ. കാര്യങ്ങൾ വ്യക്തമായതോടെ മകളുടെ നിർദേശ പ്രകാരം വാടകക്കൊലയാളിയായ കാമുകൻ പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്തി.
ഉത്തർപ്രദേശിലാണ് സംഭവം. 35 കാരിയായ അൽക്കയാണ് കൊല്ലപ്പെട്ടത്. 17 വയസുള്ള മകളുടെ പെരുമാറ്റത്തിൽ അൽക്ക അസ്വസ്ഥയായിരുന്നു. കുറച്ചു മാസം മുൻപ് മകൾ ഒരു യുവാവിനൊപ്പം വീടു വിട്ട് പോയിരുന്നു.
കാര്യമറിഞ്ഞ് അൽക്ക മകളെ തിരിച്ചു കൊണ്ടു വന്ന് ബന്ധു വീട്ടിൽ ആക്കി. അവിടെ വച്ചാണ് പെൺകുട്ടി വാടകക്കൊലയാളിയായ സുഭാഷ് സിങ്ങുമായി പ്രണയത്തിലായത്. ദീർഘനേരം നീളുന്ന ഫോൺ കോളുകൾ ശ്രദ്ധയിൽ പെട്ടതോടെ ബന്ധുക്കൾ അൽക്കയെ ഇക്കാര്യം അറിയിച്ചിരുന്നു.
ബന്ധുക്കൾ കുറ്റപ്പെടുത്തുകയും നാണക്കേട് താങ്ങാനാകാതെയും വന്നതോടെയാണ് അൽക്ക മകളെ കൊലപ്പെടുത്താനായി ഒരു വാടകക്കൊലയാളിയെ സമീപിച്ചത്. ഇയാൾക്ക് 50,000 രൂപ നൽകുകയും ചെയ്തു.
എന്നാൽ മകളുടെ കാമുകനെ തന്നെയാണ് താൻ സമീപിച്ചതെന്ന് അൽക്ക തിരിച്ചറിഞ്ഞിരുന്നില്ല. സുഭാഷ് സിങ് ഇക്കാര്യം അൽക്കയുടെ മകളുമായി പങ്കു വച്ചു.
ഇതോടെ അമ്മയെ കൊലപ്പെടുത്തിയാൽ വിവാഹം കഴിക്കാമെന്ന് പെൺകുട്ടി സുഭാഷിനോട് പറഞ്ഞു. ഇതേ തുടർന്ന് സുഭാഷ് സിങ് അൽക്കയെ കൊലപ്പെുത്തുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്.
അൽക്കയുടെ മൃതദേഹം വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്. അൽക്കയുടെ മകളെയും വാടകക്കൊലയാളിയെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റസമ്മതം നടത്തിയതായും പൊലീസ് പറയുന്നു.