Timely news thodupuzha

logo

നയതന്ത്ര ബന്ധം പൂർണ്ണ തകർച്ചയിലേക്ക്

ന്യൂഡൽഹി: ക്യാനഡയിൽ നിന്ന് ഹൈക്കമ്മിഷ്ണറെ പിൻവലിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരേയുള്ള കനേഡിയൻ‌ സർക്കാരിൻറെ നിലപാടിന് മറുപടിയായാണ് കടുത്ത നടപടി.

ഇതിന് പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി കനേഡിയൻ സർക്കാരിൻറെ അറിയിപ്പും വന്നു. തൊട്ടു പിന്നാലെ, ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ട് ഇന്ത്യ മറുപടിയും നൽകി. ഇന്ത്യൻ നയതന്ത്രജ്ഞർക്ക് സുരക്ഷ ഉറപ്പുവരുത്താൻ ഇപ്പോഴത്തെ കനേഡിയൻ സർക്കാരിന് സാധിക്കുമെന്ന് വിശ്വാസമില്ലാത്തതിനാലാണ് ഹൈക്കമ്മിഷണറെ പിൻവലിക്കുന്നതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി വിശദീകരിച്ചിട്ടുള്ളത്.

ഇന്ത്യൻ ഹൈകമ്മിഷ്ണർ സഞ്ജയ് കുമാർ വർമ അടക്കമുള്ളവർക്ക് ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കനേഡിയൻ സർക്കാർ ആരോപിച്ചിരുന്നു.

നേരത്തെ തന്നെ ആരോപണം നിഷേധിച്ച ഇന്ത്യ, ഇത് ജസ്റ്റിൻ ട്രൂഡോ സർക്കാരിൻറെ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്നു പ്രതികരിച്ചിരുന്നു. ട്രൂഡോയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്ന് വിദേശകാര്യ മന്ത്രാലയം. നിജ്ജർ വധം സംബന്ധിച്ച ക്യാനഡയുടെ ആരോപണങ്ങൾ ഇന്ത്യയും ക്യാനഡയുമായുള്ള ബന്ധം ഉലയാൻ നേരത്തെ തന്നെ കാരണമായിരുന്നു.

ഹൈക്കമ്മീഷ്ണറെ നേരിട്ട് ലക്ഷ്യമിട്ട് ആരോപണം വന്നതോടെയാണ് ഇത് പുതിയ തലത്തിലേക്ക് മാറിയത്. പല തവണ ആവശ്യപ്പെട്ടിട്ടും ആരോപണത്തിന് അടിസ്ഥാനമായ തെളിവുകൾ ക്യാനഡ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല.

വീണ്ടും ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇന്ത്യയെ ഉപയോഗിക്കുന്നുവെന്ന സംശയം ജനിപ്പിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു. വിഘടനവാദികളെയും തീവ്ര ചിന്താഗതിയുള്ളവരെയും അവരോട് അടുപ്പമുള്ളവരെയും ചേർത്തുന്നവരാണ് ക്യാനഡ സർക്കാർ എന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *