തിരുവനന്തപുരം: പി.വി അൻവറുമായി ഒരു ഉപാധിക്കും തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അൻവർ സൗകര്യമുണ്ടെങ്കിൽ സഥാനാർഥിയെ പിൻവലിച്ചാൽ മതിയെന്നും, അൻവറുമായി ബന്ധപ്പെട്ടത് ഊതി വീർപ്പിച്ച വാർത്തകളാണെന്നും സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങളെ അവരാണ് ബന്ധപ്പെട്ടത്. നിങ്ങൾ രണ്ടു സ്ഥലത്ത് സ്ഥാനാർത്ഥികളെ നിർത്തിയിട്ട് എന്തിനാണ് ഞങ്ങളെ ബന്ധപ്പെടുന്നതെന്ന് ചോദിച്ചപ്പോൾ നിങ്ങൾ റിക്വസ്റ്റ് ചെയ്താൽ പിൻവലിക്കാമെന്ന് അവർ പറഞ്ഞു.
ഞങ്ങൾ റിക്വസ്റ്റ് ചെയ്യാമെന്ന് അറിയിച്ചു. അപ്പോഴാണ് ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെയുടെ സ്ഥാനാഥിയെ ഞങ്ങൾ പിന്തുണയ്ക്കാണമെന്ന് അൻവർ ആവശ്യപ്പെട്ടതെന്നും സതീശൻ വ്യക്തമാക്കി.
ഇത്തരം തമാശകളൊന്നും പറയരുതെന്നാണ് അൻവറിനോട് പറയാനുള്ളത്. ഞങ്ങളുടെ കൂടെ നിൽക്കാമെന്ന നിലപാടുമായി വന്നാൽ സ്ഥാനാർഥിയെ പിൻവലിക്കേണ്ട. അല്ലാതെ യുഡിഎഫ് ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.
അൻവർ സ്ഥാനാർഥിയെ പിൻവലിച്ചാലും ഇല്ലെങ്കിലും അത് യുഡിഎഫിനെ ബാധിക്കില്ല. സ്ഥാനാർഥിയെ പിൻവലിച്ചുകൊണ്ടുള്ള ഒരു ചർച്ചയ്ക്കുമില്ല.
ഇതുസംബന്ധിച്ച് മാധ്യമങ്ങൾ ദയവായി ഇല്ലാത്ത വാർത്തകൾ കൊടുക്കരുത്. ഞങ്ങൾ റിക്വസ്റ്റ് ചെയ്യണമെന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ റിക്വസ്റ്റ് ചെയ്യ്തെന്നു മാത്രം. അൻവർ സൗകര്യമുണ്ടെങ്കിൽ ചെയ്താൽ മതി. ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല. ഞങ്ങൾ ആർക്കെതിരെയും വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല- വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.