കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെയുളള നടൻമാർക്കെതിരെ ചുമത്തിയ പീഡന പരാതി പിൻവലിക്കാൻ ഒരുങ്ങി നടി. നടന്മാരായ എം മുകേഷ് എം.എൽ.എ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
തനിക്ക് സർക്കാറിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഒരു തരത്തിലുളള പിന്തുണയും ലഭിച്ചില്ലെന്നും തനിക്കെതിരെ ചുമത്തിയ വ്യാജ പോക്സോ കേസിൻറെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറാവത്തതിനാലും ആണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് നടി വ്യക്തമാക്കി. കേസ് പിൻവലിക്കുന്നതിനായി നടി ഔദ്യോഗികമായി അന്വേഷണ സംഘത്തെ ബന്ധപ്പെട്ടില്ലെന്നാണ് വിവരം. ഉടൻ ഇ മെയിൽ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന പൂങ്കുഴലി ഐ.പി.എസിന് കത്ത് നൽകുമെന്നും നടി അറിയിച്ചു.