പത്തനംതിട്ട: പത്തനംതിട്ടയിൽ മരണ ശേഷം ഗർഭിണിയാണെന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. പെൺകുട്ടി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
കേസിൽ പെൺകുട്ടിയുടെ സഹപാഠിയെ ചോദ്യം ചെയ്ത പൊലീസ്, ഡി.എൻ.എ പരിശോധനയ്ക്ക് സാമ്പിൾ ശേഖരിച്ചു. പ്ലസ് ടു വിദ്യാർത്ഥിനിയുടെ സ്കൂൾ ബാഗിൽ നിന്നാണ് കുറിപ്പ് കിട്ടിയത്.
അച്ഛനോടും അമ്മയോടും പെൺകുട്ടി ക്ഷമ ചോദിക്കുന്നുണ്ട്. ഭാവിയിൽ അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെ കുറിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പതിനേഴുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് കുറിപ്പ് കണ്ടെടുത്തതിലൂടെ പൊലീസ് പറയുന്നത്.
പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി അമിത അളവിൽ മരുന്നു കഴിച്ചെന്ന് വ്യക്തമായിരുന്നു. ഗർഭം ഒഴിവാക്കുന്നതിനോടൊപ്പം ജീവനോടുക്കാനും പതിനേഴുകാരി ശ്രമിച്ച് കാണുമെന്നാണ് പൊലീസ് നിഗമനം.
പോസ്റ്റ്മോർട്ടത്തിൽ ഗർഭിണിയാണെന്ന് കണ്ടെത്തിയ ശേഷം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗർഭത്തിന് ഉത്തരവാദിയെന്ന സംശയത്തിൽ സഹപാഠിയുടെ മൊഴിയെടുത്തു.
പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന മൊഴി പൊലീസിന് കിട്ടി. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സഹപാഠിയുടെ ഡി.എൻ.എ സാമ്പിൾ ശേഖരിച്ചു. നേരത്തെ ഗർഭസ്ഥ ശിശുവിൻറെ സാമ്പിളും ശേഖരിച്ചിരുന്നു. പരിശോധനാ ഫലം വന്ന ശേഷമേ സഹപാഠിയെ, പോക്സോ കേസിൽ പ്രതി ചേർക്കൂ.
ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പനിയെ തുടർന്നുള്ള അണുബാധയ്ക്ക് പ്ലസ് ടു വിദ്യാർത്ഥിനി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചു. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് അഞ്ച് മാസം ഗർഭിണിയെന്ന് കണ്ടെത്തിയത്.