Timely news thodupuzha

logo

ഇന്ത്യൻ പ്രസിഡന്റിൻറെ പേരിൽ സൈബർ തട്ടിപ്പ്

ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ വഴി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് ഇന്ന് സൈബർ തട്ടിപ്പുകാരുടെ പ്രധാന ഹോബിയായിരിക്കുകയാണ്. സെലിബ്രിറ്റികൾ മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ വരെ ഉപയോഗിച്ച് പണം തട്ടുന്ന സംഭവങ്ങൾ നിരവധിയാണ്.

എന്നാൽ, ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ പേര് ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമമാണ് ഫെയ്സ്ബുക്ക് വഴി നടത്തിയിരിക്കുന്നത്. ത്സാർഖണ്ഡിൽ നിന്നുളള മൻതു സോണി എന്ന യുവാവിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ദ്രൗപദി മുർമുവിൻറെ പേരും ചിത്രവും മറ്റു വിവരങ്ങളും ഉപയോഗിച്ചുള്ള അക്കൗണ്ടിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് വരുകയായിരുന്നു.

ജയ്ഹിന്ദ്, എന്തൊക്കെയുണ്ട് വിശേഷം? എന്നാണ് രാഷ്ട്രപതിയുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് വന്ന ആദ്യ സന്ദേശം. ഞാൻ വളരെ വിരളമായേ ഫെയ്‌സ്ബുക് ഉപയോഗിക്കാറുള്ളൂ, നിങ്ങളുടെ വാട്‌സാപ്പ് നമ്പർ അയക്കൂ എന്നായിരുന്നു അടുത്ത സന്ദേശം. ഇതോടെ മൻതു വാട്‌സാപ്പ് നമ്പർ നൽകി. അല്പം കഴിഞ്ഞ് ഫെയ്‌സ്ബുക് മെസഞ്ചറിൽ വീണ്ടും സന്ദേശം വന്നു, നിങ്ങളുടെ നമ്പർ ഞങ്ങൾ സേവ് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ വാട്‌സാപ്പ് കോഡ് നിങ്ങൾക്ക് അയച്ചിട്ടുണ്ട്. ദയവായി ആ ആറക്ക നമ്പർ ഞങ്ങൾക്കയക്കൂ.

തട്ടിപ്പ് മനസിലായ മൻതു ഉടൻതന്നെ എക്‌സിൽ ഇക്കാര്യം പങ്കുവെച്ചു. രാഷ്ട്രപതി ഭവനെയും ഝാർഖണ്ഡ് പൊലീസിനെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. സംഭവത്തിൽ റാഞ്ചി പൊലീസ് തുടർനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *