കോട്ടയം: ത്രിപുരയിൽ സി.പി.ഐ(എം) നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടി എം.പിമാർക്കെതിരെ നടന്ന ബി.ജെ.പി ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ പാർട്ടി പ്രവർത്തകർ തയ്യാറാകണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ(എം) രാജ്യസഭാ കക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരേയാണ് പശ്ചിമ ത്രിപുരയിലെ ബിശാൽഗഡിൽ ആക്രമണം ഉണ്ടായത്. എം.പിമാർ സഞ്ചരിച്ച ഒരു വാഹനം കത്തിക്കുകയും മറ്റ് രണ്ട് വാഹനങ്ങൾ തകർക്കുകയും ചെയ്‌തു.
അർധഫാസിസ്‌റ്റ് ഭീകരവാഴ്‌ചയെ ഓർമിപ്പിക്കുന്നതാണ് പ്രതിപക്ഷത്തിനുനേരേ ത്രിപുരയിൽ നടക്കുന്ന ആക്രമണങ്ങൾ. ബിജെപിയുടെ ഗുണ്ടാരാജാണ് ഇപ്പോൾ നടക്കുന്നത്. ക്രമസമാധാന നില തകർന്നിരിക്കുകയാണ്. എം.പിമാരുടെ സംഘത്തിന് പോലും ആക്രമണം നേരിടേണ്ടിവരുന്നുവെങ്കിൽ സാധരണ പാർട്ടി പ്രവർത്തകരുടെ പ്രവർത്തനസ്വാതന്ത്ര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എംപിമാരുടെ സംഘത്തെ കാണാൻ വിസമ്മതിക്കുന്ന ഗവർണർ സത്യദേവ് നാരായൺ ആര്യയുടെ സമീപനവും പ്രതിഷേധാർഹമാണ്. ത്രിപുരയിൽ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്.