Timely news thodupuzha

logo

‘കക്കുകളി’ നാടകത്തിന്‍റെ പ്രദർശനം നിരോധിക്കണമെന്ന് കെസിബിസി

കൊച്ചി: അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച കക്കുകളി നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി കെസിബിസി. നാടകം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും, ചരിത്രത്തെ അപനിർമിക്കുന്ന സൃഷ്ടികളെ മഹത്വവത്കരിക്കുന്നത് അംഗീകരിക്കാ നാവില്ലെന്നും കെസിബിസി വാർത്താകുറിപ്പിൽ അറിയിച്ചു. കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് കക്കുകളി നാടകത്തിനെതിരെ നിലപാടെടുത്തത്.

നാടകത്തിന്‍റെ ഉള്ളടക്കം ക്രൈസ്തവ വിരുദ്ധമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ സന്യസ്തരെ വികലമായി ചിത്രീകരിക്കുകയാണ്. നാടകത്തിന് ഇടതു സംഘടനകളും സർക്കാരും നൽകുന്ന പിന്തുണ അപലപനീയമാണ്, കെസിബിസി ആരോപിക്കുന്നു.

പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി സംസാരിക്കാനും അവര്‍ക്ക് നീതി നടത്തിക്കൊടുക്കാനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്‍റെ സാദ്ധ്യതകള്‍ ക്രിയാത്മകമായി ഉപയോഗിക്കപ്പെട്ട ചരിത്രങ്ങളുണ്ട്. അതേസമയം, ഉപേക്ഷിക്കപ്പെട്ടവരെയും ദുര്‍ബ്ബലരെയും ഏറ്റെടുത്ത് സംരക്ഷിച്ച ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങള്‍ക്കുളളത്. ഇത്തരത്തില്‍ കേരളത്തില്‍ അതുല്യമായ സേവന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് വലിയ പ്രചാരം നല്‍കുന്നത് അത്യന്തം അപലപനീയമാണ്, കെസിബിസി വ്യക്തമാക്കുന്നു.

ഫ്രാൻസിസ് നെറോണയുടെ കഥയെ ആസ്പദമാക്കി കെ ബി അജയകുമാർ രചിച്ച നാടകമാണ് കക്കുകളി. പരവൂർ പബ്ലിക് ലൈബ്രറിയുടെ നെയ്തൽ നാടകസംഘമാണ് രംഗത്ത വതരിപ്പിച്ചത്. അന്താരാഷ്ട്ര നാടകോത്സവ വേദിയിടക്കമുളള അരങ്ങുകളിൽ കക്കുകളി അവതരിപ്പിക്കപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *