രാജാക്കാട്: കളഞ്ഞുപോയ സ്വര്‍ണ്ണമാല തിരികെ നല്‍കി വ്യാപാരിദമ്പതികള്‍ മാതൃകയായി. തങ്ങളുടെ കച്ചവട സ്ഥാപനത്തിന് മുന്‍പില്‍ വച്ച് കളഞ്ഞു കിട്ടിയ സ്വര്‍ണ്ണമാണ് രാജാക്കാട് കച്ചവടം നടത്തുന്ന വൃദ്ധ ദമ്പതികളായ കുഴികണ്ടത്തില്‍ അപ്പച്ചനും ഭാര്യ റോസമ്മയും ഉടമസ്ഥന് തിരികെ നല്‍കിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു മാങ്ങാത്തൊട്ടി സ്വദേശി കടമലയിൽ ആന്റണി രാജാക്കാട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച തന്റെ ഭാര്യ ചിന്നമ്മയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല തിരികെയെടുത്ത് പോന്നത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം അടങ്ങിയ കവര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് നഷ്ടമായതായി അറിഞ്ഞത്. തിരികെ ധനകാര്യ സ്ഥാപനത്തിലും ടൗണിലും പരിസരത്തും അന്വേഷിച്ചെങ്കിലും മാല കണ്ടു കിട്ടിയില്ല. തുടര്‍ന്ന് ഇവര്‍ പ്രാദേശിക ചാനലില്‍ മാല നഷ്ടപ്പെട്ടതായി കാണിച്ച് അറിയിപ്പ് ഇടുകയായിരുന്നു.
ഈ സമയം തന്റെ കടയുടെ മുന്‍പില്‍ നിന്നും റോസമ്മയ്ക്ക് ഒരു കവര്‍ കിട്ടുകയും ഇത് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണമാല കിട്ടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പ്രാദേശിക ചാനലിലെ അറിയിപ്പില്‍ നിന്നും ഫോണ്‍ നമ്പര്‍ കണ്ടെത്തി ഉടമയെ വിവരം അറിയിക്കുകയും, മാല രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാദര്‍ ജോബി വാഴയിലിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ചിന്നമ്മ ഇന്നലെ രാവിലെ കുടുംബസമേതം എത്തി ജോബിയച്ചന്റെ സാനിദ്ധ്യത്തില്‍ റോസമ്മയുടെ കൈയില്‍ നിന്നും മാല ഏറ്റുവാങ്ങി. ഒപ്പം റോസമ്മയ്ക്ക് ഇവര്‍ പാരിതോഷികവും കൈമാറി. അപ്പച്ചനും ഭാര്യ റോസമ്മയും കാണിച്ച നന്മ നിറഞ്ഞ പ്രവൃത്തി കച്ചവടക്കാര്‍ക്കും നാടിനും മാതൃകയാണ്.