തൊടുപുഴ: വെങ്ങല്ലൂരിന് സമീപം പ്രവർത്തിക്കുന്ന ഹോണ്ട ഷോറൂമിലെ ജീവനക്കാരനായ ജോയ്(62) സ്ഥാപനത്തിനോട് ചേർന്നുള്ള ചെറിയ മുറിയിൽ താമസിക്കുകയായിരുന്നു. ജോയിയെ രാവിലെ പുറത്തു കാണാത്തതിനാൽ അന്വേഷിച്ചപ്പോോൾ അകത്തുനിന്നും മുറി പൂട്ടിയ നിലയിൽ ആയിരുന്നു. ഉടൻതന്നെ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. തുടർന്ന് സേനയെത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൽസലാം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ ഡോർ ബ്രേക്കർ ഉപയോഗിച്ച് വാതിൽ തകർക്കുകയും ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ വിജിൻ, രഞ്ജി കൃഷ്ണൻ തുടങ്ങിയവർ മുറിക്കുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു.
ഒരാൾക്കു മാത്രം കടന്നുപോകാവുന്ന തരത്തിലുള്ള ചെറിയ മുറിയിൽ അബോധാവസ്ഥയിൽപ്പെട്ട് പോയ ജോയിയെ വളരെയധികം പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഉടൻ തന്നെ സേനയുടെ ആംബുലൻസിൽ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഷൗക്കത്തലിഫവാസ്, ജെയിംസ് നോബിൾ, അയ്യൂബ്, ഹോം ഗാർഡ് മുസ്തഫ എന്നിവരാണ് അഗ്നിശമനസേന വിഭാഗത്തിൽ നിന്നും എത്തിയത്. തൊടുപുഴ പോലീസ് ടീമും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.