Timely news thodupuzha

logo

എം.എം.മണി ഭൂമി കയ്യേറുന്നത് സർക്കാർ ഒത്താശയോടെയന്ന് ബിജോ മാണി

തൊടുപുഴ: മൂന്നാർ മേഖലയിൽ കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി എം.എം.മണിയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ കയ്യേറുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. അമ്യൂസ്മെന്റ് പാർക്കിനെന്ന പേരിൽ മൂന്നാറിലും ആനയിറങ്കലിലും വൈദ്യുതി വകുപ്പിന്റെ ഭൂമി നിയമവിരുദ്ധമായിട്ടാണ് ഹൈഡൽ ടുറിസം സെന്റർ പാട്ടത്തിന് നൽകിയിരിക്കുന്നത്. ഇത് റദ്ദ് ചെയ്യണം.

എം.എം.മണി വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം സെന്ററർ ചെയർമാനുമായ കാലയളവിലാണ് സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് കോടികൾ വിലമതിക്കുന്ന ഭൂമി കൈമാറിയത്. മൂന്നാർ ഹെഡ് വർക്ക് ഡാമിന്റെ ഭൂമി സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണബാങ്കിനും ആനയിറങ്കലിൽ പെരുമ്പാവൂർ കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള സ്പർശം ടൂറിസം ചാരിറ്റബിൾ സൊസൈറ്റിയെന്ന കടലാസ് സോസൈറ്റിക്കുമാണ് കരാർ നൽകിയിരിക്കുന്നത്. വൈദ്യുതി ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കണമെങ്കിൽ ഡയറക്ടർ ബോർഡിന്റെ അനുമതി ആവശ്യമാണ്. ഡാമിനോട് ചേർന്നുള്ള നിർമ്മാണങ്ങൾക്ക് ഡാം സേഫ്റ്റി അതോറിറ്റിയുടെ അനുമതിയും വേണം.

മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ കെ.എസ്.ഇബി ഡയറക്ടർ ബോർഡോ, ഡാം സേഫ്റ്റി അതാറിറ്റിയോ അനുമതി നൽകിയിട്ടില്ല. 2015ൽ വിവിധ ഡാമുകളിൽ ബോട്ടിങ്ങിന് നൽകിയ അനുമതിയുടെ മറവിലാണ് ഇപ്പോൾ മൂന്നാറിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്കിന്റെ നിർമാണം നടത്തുന്നത്. മൂന്നാർ ഹെഡ് വർക്ക് ഡാമിലാകട്ടെ വൈദ്യുതി ബോർഡിന്റെ കൈവശമുള്ള നാല് ഏക്കർ ഭൂമിയിലാണ് സി.പി.എം നിയന്ത്രണത്തിലുള്ള മൂന്നാർ സർവീസ് സഹകരണ ബാങ്ക് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കുന്നത്. ഈ സ്ഥലം ഹൈഡൽ ടൂറിസം സെന്റർ അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ തങ്ങൾക്ക് പാട്ടത്തിന് നൽകിയതാണെന്നും പാർക്കിന്റെ നിർമ്മാണം നിയമപരമാണെന്നുമാണ് ബാങ്കിന്റെ അവകാശവാദം. ബാങ്കിന്റെ ഈ വാദം തെറ്റാണെന്ന് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ എൻ.ഒ.സിക്കായി ബാങ്ക് നൽകിയ അപേക്ഷ പരിശോധിച്ചാൽ വ്യക്തമാകും. അപേക്ഷയോടൊപ്പം ബാങ്ക് സമർപ്പിച്ച പെർമിസീവ് സാങ്ഷൻ 2015ലെയാണ്. ഇതിൽ അമ്യൂസ്മെന്റ് പാർക്കിന് അനുമതിയില്ല. വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ പെർമിസീവ് സാങ്ഷൻ നൽകിയത് 2015 ലും 2019 ലുമാണ്. 2015 ൽ വിവിധ ഡാമുകളിൽ ബോട്ടിങ്ങിനാണ് അനുമതി നൽകിയിരിക്കുന്നത്.

ഇതിൽ തന്നെ 2019 ൽ പൊന്മുടിയിൽ 21 ഏക്കർ ഭൂമിയിൽ അമ്യൂസ്മെന്റ് പാർക്ക്‌ നിർമിക്കാൻ എം.എം.മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിന് നൽകിയ അനുമതി വിവാദമായതാണ്. ഈ രണ്ട് ഉത്തരവുകളിലും മൂന്നാർ ഹൈഡൽ പാർക്കിലും ആനയിറങ്കലിലും അമ്യൂസ്മെന്റ് പാർക്കിന് അനുമതി നൽകിയിട്ടില്ല. ഒരനുമതിയും ഇല്ലാതെയാണ് വൈദ്യുതി ബോർഡിന്റെ കൈവശമുള്ള കോടികൾ വിലമതിക്കുന്ന ഭൂമി മൂന്നാർ സർവീസ് സഹകരണ ബാങ്കിന് അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാൻ കൈമാറിയതെന്ന് വ്യക്തമാണ്. മുൻ വൈദ്യുതി മന്ത്രിയും ഹൈഡൽ ടൂറിസം ചെയർമാനുമായിരുന്ന എം.എം.മണിയും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടറും ചേർന്നാണ് നിയമവിരുദ്ധമായ ഈ കരാർ നൽകിയത്. അടിയന്തരമായി കരാർ റദ്ദ് ചെയ്ത് സർക്കാർ ഭൂമി ഏറ്റെടുക്കണം. അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയ എം.എം.മണിക്കും അന്നത്തെ ഹൈഡൽ ടൂറിസം ഡയറക്ടർക്കുമെതിരെ കേസെടുക്കണം. അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുൻപോട്ട് പോകുമെന്നും ബിജോ മാണി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *