ഉടുമ്പന്നൂർ: വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച മികവ് പദ്ധതി ശ്രദ്ധേയമാക്കുന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ പഠനവൈകല്യങ്ങൾ ഉള്ളവരെ കണ്ടെത്തി അത് പരിഹരിക്കുന്നതിനാവശ്യമായ മന:ശാസ്ത്രപരമായ ഇടപെടലുകൾ നടത്തുന്നതാണ് പദ്ധതി. പഞ്ചായത്ത് പരിധിയിലുള്ള 10 പൊതു വിദ്യാലയങ്ങളിൽ നിന്നും പ്രത്യേക സർവ്വേയിലൂടെ കണ്ടെത്തിയ 102 കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്.
കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സൈക്യാട്രിക്ക് കൗൺസിലർ മെറിൻ പോൾ, സ്കൂൾ കൗൺസിലർ എൻ.രഞ്ജുഷ എന്നിവരുടെ നേതൃത്വത്തിൽ കൗൺസിലിങ്ങ് നൽകുകയും പഠന വൈകല്യങ്ങൾ പരിഹരിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. പദ്ധതി ഏറെ പ്രയോജനം ചെയ്തതായി രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി കൗൺസിലർമാർ റിപ്പോർട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. മികവ് പദ്ധതി വരും വർഷങ്ങളിലും തുടരുമെന്നും പഠന വൈകല്യമില്ലാത്ത കുട്ടികളെ വാർത്തെടുക്കുക വഴി പഞ്ചായത്തിലെ വിദ്യാഭ്യാസ നിലവാരമുയർത്തുകയാണ് ഗ്രാമ പഞ്ചായത്തിന്റെ ലക്ഷ്യമെന്നും പ്രസിഡന്റ് എം.ലതീഷ് അറിയിച്ചു.