തൃശൂർ: പിതാവിനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപരന്ത്യം ശിക്ഷ. ഇതിനുപുറമെ 3 കൊല്ലം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു. തളിക്കുളം എടശ്ശേരി മമ്മസ്രയില്ലത്ത് വീട്ടിൽ ഷഫീഖിനെ (32) യാണ് തൃശൂർ ജില്ലാ അഡി: ജഡ്‌ജ് പി എൻ വിനോദ് ശിക്ഷിച്ചത്. പിതാവിനെയും മാതാവിന്റെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു. മാതാവിനെ വടി കൊണ്ട് അടിച്ച് ഗുരുതര പരിക്കേൽപ്പിച്ചു. കേസിൽ ഐപിസി 302, 326 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.2019 ഡിസംബർ 27നാണ് ദാരുണ സംഭവം നടന്നത്. ഭാര്യയോടൊത്ത് മാറി താമസിച്ചിരുന്ന പ്രതി സംഭവ ദിവസം പിത്യഗ്യഹത്തിലെത്തി സ്വത്ത് തർക്കം ഉണ്ടാക്കി.
തുടർന്ന് രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു. ഇത് തടയാൻ ശ്രമിച്ച പിതാവ് ജമാലുദ്ദീനെയും മാതാവ് ഫാത്തിമയെയും പ്രതി അതി ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പിതാവിനെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി തീയിലേക്ക് വലിച്ചിട്ടു. മാതാവിനേയും അടിച്ചു. മാതാവ് ബോധരഹിതയായി വീണു. നിലവിളി കേട്ട് ഓടി വന്ന് തടഞ്ഞ മാതാവിന്റെ സഹോദരി കദീജയേയും പ്രതി മർദ്ദിച്ചും കല്ലു കൊണ്ടിടിച്ചും കൊലപ്പെടുത്തി.സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പള്ളിയിൽ നിന്ന് നിസ്‌കാരം കഴിഞ്ഞു വരികയായിരുന്ന ആളുകൾ തടഞ്ഞ് വെച്ച് പൊലീസിലറിയിച്ചു തുടർന്ന് വാടാനപ്പിള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിക്ക് ജാമ്യം അനുവദിക്കാതെയായിരുന്നു വിചാരണ. പ്രതിക്ക് മാനസിക അസുഖമുണ്ടെന്നായിരുന്നു പ്രതിഭാഗം വാദം. ആയതിനായി 9 സാക്ഷികളെ വിസ്‌തരിച്ചു. എന്നാൽ പ്രതി വൈരാഗ്യം മൂലമാണ് ക്രൂരകൃത്യം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതക്ക് ഉടമയായ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ: കെ ബി സുനിൽകുമാർ, ലിജി മധു എന്നിവർ ഹാജരായി.