Timely news thodupuzha

logo

ട്രെയിനിനുള്ളിലെ ആക്രമണം; പ്രതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 12 വസ്തുക്കൾ

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയുടെ ബാഗില്‍ നിന്ന് 12 വസ്തുക്കൾ കണ്ടെത്തി. ബാഗിൽ നിന്നും ലഭിച്ച സാധനങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾ മരപ്പണിക്കാരനാണെന്നാണ് നിഗമനം. ഇയാൾ യു പി സ്വദേശിയാണോ എന്ന കാര്യത്തിലും സംശയമുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പുകളും ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കോവളം, കുളച്ചല്‍, കന്യാകുമാരി തുടങ്ങിയ 6 നഗരങ്ങളുടെ പേരുകളും ഉള്ളതായി പൊലീസ് വ്യക്തമാക്കുന്നു. കുറിപ്പുകള്‍ അടങ്ങിയ ബുക്ക് സഹിതം 12 വസ്തുക്കളാണ് മധ്യവയസ്‌കനെന്ന് കരുതപ്പെടുന്ന പ്രതിയുടെ ബാഗില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.

പെട്രോൾ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയര്‍ഫോണും കവറും, 2 മൊബൈല്‍ ഫോണുകള്‍, ഭക്ഷണമടങ്ങിയ ബോക്‌സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പഴ്‌സ്, ടീ ഷര്‍ട്ട്, തോര്‍ത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ ഉണ്ടായിരുന്നത്. ഈ സാധനങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയവും അന്വേഷണം നടത്തുമെന്നാണ് വിവരങ്ങള്‍. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം വിവരങ്ങള്‍ തേടിയിട്ടുണ്ട്. അന്വേഷണം വിലയിരുത്തുന്നതിന്‍റെ ഭാഗമായി ഡിജിപി അനില്‍കാന്ത് 11.30നുള്ള വിമാനത്തില്‍ കണ്ണൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *