Timely news thodupuzha

logo

കാന്തല്ലൂരിൽ സഞ്ചാരികളെ വരവേറ്റ് പീച്ച് പഴങ്ങൾ; ഈ ഫലത്തിന്റെ വിവിധ ഇനങ്ങളാണ് കാഴ്ച വിസ്മയം ഒരുക്കി ഉയർന്നു നിൽക്കുന്നത്

മറയൂർ മലനിരകളിലെ കാന്തല്ലൂരിൽ വേനൽപ്പഴങ്ങളുടെ വരവറിയിച്ച് പീച്ച് പഴങ്ങൾ പാകമായി. വേനൽക്കാലത്ത് ആരംഭിക്കുന്ന കാന്തല്ലൂരിലെ പഴങ്ങളുടെ സീസൺ ഡിസംബർ വരെയാണ്‌. ജനുവരിയിൽ പിങ്ക് നിറത്തിലുള്ള പൂക്കൾകൊണ്ട് നിറയുന്ന പീച്ച് മരങ്ങൾ ഏപ്രിലിലാണ്‌ പഴുക്കുന്നത്. പച്ചയും ചുവപ്പും കലർന്ന നിറത്തിലുള്ള പീച്ച് പഴങ്ങൾ മരങ്ങളിൽ ഇലകൾക്ക് സമാന രീതിയിൽ നിറഞ്ഞുനിൽക്കുന്നത് ആകർഷകമാണ്‌.

കാന്തല്ലൂർ, ഗൃഹനാഥപുരം, കുളച്ചിവയൽ, പെരടിപള്ളം എന്നിവിടങ്ങളിലാണ് വ്യാപകമായി പീച്ച് പഴങ്ങൾ പാകമായത്. പീച്ചിന്റെ വിവിധയിനങ്ങൾ കാന്തല്ലൂരിലെ തോട്ടങ്ങളിൽ ഇപ്പോൾ നിലവിലുണ്ട്. കാന്തല്ലൂർ പഞ്ചായത്ത് അംഗമായ പി.ടി.തങ്കച്ചന്റെ പഴത്തോട്ടത്തിൽ മാംഗോ പീച്ച്, ആപ്പിൾ പീച്ച് എന്നിവ ഉൾപ്പെടെ അമ്പതിലധികം മരങ്ങളുണ്ട്‌. ആപ്പിളിന്റെ സമാനനിറമുള്ള ആപ്പിൾ പീച്ചിന്‌ ഡിമാൻഡും കൂടുതലാണ്‌.

ഈ പീച്ച് സാധാരണ കാലാവസ്ഥയിൽ രണ്ട് മാസത്തിലധികം കേട് വരാതെ ഇരിക്കും. ആപ്പിൾ പീച്ചിന്‌ കിലോഗ്രാമിന് അഞ്ഞൂറ് രൂപ വരെ വില ലഭിക്കുമെന്നും സാധാരണ പീച്ചിന് 300 രൂപ വരെ ലഭിക്കുമെന്നും തങ്കച്ചൻ പറയുന്നു.

പീച്ചുൾപ്പെടെയുള്ള ഫലവർഗങ്ങൾ കൊളോണിയൽ കാലത്ത്‌ സായിപ്പുമാരാണ്‌ കൃഷിചെയ്‌തത്‌.

കുളച്ചിവയലിലുള്ള തങ്കച്ചന്റെ തോട്ടം കാണാൻ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു പീച്ച് മരത്തിൽനിന്ന്‌ ശരാശരി 25 കിലോഗ്രാം പീച്ച് മുതൽ 50 വരെ ലഭിക്കാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *