ന്യൂഡൽഹി: ആപ്പിൾ കർഷകരുടെ നടുവൊടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധം. രാജ്യത്തെ 77 ശതമാനം ആപ്പിൾ ഉൽപ്പാദിപ്പിക്കുന്ന ജമ്മു കശ്‌മീരിലെയും 19 ശതമാനം ഉൽപ്പാദിപ്പിക്കുന്ന ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും കർഷകർ കടക്കെണിയിലാണ്.
ഇന്ത്യൻ ആപ്പിൾ ഫാർമേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന ധർണയിൽ ഈ മൂന്ന് സംസ്ഥാനത്തുനിന്നുള്ള നൂറുകണക്കിന് കർഷകർ പങ്കെടുത്തു. കേന്ദ്രം തുടരുന്ന കർഷകവിരുദ്ധ, ഹോർട്ടികൾച്ചറൽ വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ഫോറം രൂപീകരിക്കാനും ഫെഡറേഷൻ തീരുമാനിച്ചു.
ഫെഡറേഷൻ നേതാക്കളായ സോഹൻ സിങ് താക്കൂർ, സഹുദ് അഹമ്മദ് റാത്തർ, ഗംഗാധർ നൗട്ടിയാൽ, സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, കിസാൻസഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്‌ണൻ, ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ്, വൈസ് പ്രസിഡന്റ് ഹന്നൻ മൊള്ള, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി ബിക്രം സിങ് തുടങ്ങിയവർ സംസാരിച്ചു.
ഇറക്കുമതി ആപ്പിളിന് നൂറുശതമാനം തീരുവ ഏർപ്പെടുത്തുക, സ്വകാര്യ കുത്തകകളുടെ സംഭരണം നിയന്ത്രിക്കുക, രാസവളം കുറഞ്ഞ വിലയിൽ ലഭ്യമാക്കുക തുടങ്ങി ഒമ്പത് ആവശ്യം ഉന്നയിച്ചായിരുന്നു ധർണ.