യമനിൽ കൊലക്കുറ്റത്തിന് ജയിലിൽ കഴിയുന്ന മലയാളിയായ നിമിഷ പ്രിയയുടെ വധശിക്ഷ പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ നൽകിയ അപേക്ഷയെ തുടർന്ന് യമൻ സുപ്രീംകോടതി നടപടി വേഗത്തിലാക്കി. യുവതിയുടെ മോചനത്തിനായി ഉടൻ ബ്ലഡ് മണി നൽകണം. ഇല്ലെങ്കിൽ തിരിച്ചടിയാകും. മകളുടെ മോചനത്തിനായി പല വ്യക്തികളെയും സമീപിച്ച് കാത്തിരിക്കുകയാണ് നിമിഷയുടെ അമ്മ.
ഈസ്റ്റർ ദിനത്തിൽ ജയിലിൽ നിന്നും നിമിഷ, പ്രേമ കുമാരിയെ ഫോൺ ചെയ്തിരുന്നു. യമൻ പൗരനായ ബിസിനസ് പങ്കാളി തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിലാണ് നിമിഷ പ്രിയയെ കഴിഞ്ഞ വർഷം വധശിക്ഷയ്ക്ക് വിധിച്ചത്. അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ അപേക്ഷയിലും ഉടൻ തീർപ്പുണ്ടാകും. യുവാവിന്‍റെ ബന്ധുക്കള്‍ സനായിലെ അപ്പീൽ കോടതിയെ ആണ് സമീപിച്ചത്.
വധശിക്ഷയിൽ നിന്ന് ഇളവ് നേടാനുളള ഏക പോം വഴി കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾക്ക് സഹായധനം നൽകുക മാത്രമാണെന്നതിനാൽ മോചനം ലഭിക്കുമോയെന്ന കാര്യത്തിൽ സംശയം മുറുകുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രത്യേക ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇതിനായി ശ്രമം നടക്കുന്നുണ്ട്.
യമൻ കോടതി വധശിക്ഷ ഉടൻ നടപ്പാക്കും. അതിനാൽ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യമാണ്. ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ തുടങ്ങി.
വിഷയത്തിൽ കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. അതേസമയം നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറായില്ല. ഇതോടെയാണ് അനുരഞ്ജന ശ്രമങ്ങൾ നിഷ്ഫലമായത്. പ്രമുഖ വ്യവസായി എം.എ.യൂസഫലിയുൾപ്പെടെ ജയിൽ മോചനം നേടിക്കൊടുക്കുന്നതിനായി ശ്രമിച്ചിരുന്നു.