തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ, എംഎൻ സ്മാരകം ആധുനിക സൗകര്യങ്ങളോടെ പത്ത് കോടി ചെലവിൽ പൊളിച്ച് പണിയുന്നു. സി.പി.ഐ ആസ്ഥാനത്തിന്റെ നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.1964 ൽ ദേശീയ തലത്തിൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ തൊട്ട് സി.പി.ഐയുടെ സംസ്ഥാന ആസ്ഥാനമാണ് എം.എൻ സ്മാരകം.
1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പേൾ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം.എൻ ഗോവിന്ദൻ നായരുടെ സ്മാരകമാണിത്. ഈ ഓഫീസ് 1985 ലാണ് എം.എൻ സ്മാരകമെന്ന് പേര് മാറ്റിയത്. ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പുതുക്കാൻ ആലോചന വന്നത് രണ്ട് നില കെട്ടടത്തിന്റെ അസൗകര്യങ്ങളിൽ വീര്‍പ്പുമുട്ടുന്നതിനിടെയാണ്. കെട്ടിടത്തിന്റെ പുറംമോടിയിൽ മാറ്റമുണ്ടാകില്ല.
എന്നാൽ നേതാക്കളുടെ താമസം, 40 കാറുകൾ വരെ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെയുള്ള വിപുലമായ മാറ്റങ്ങൾ വരുത്തും. കെട്ടിട നിർമ്മാണത്തിനായി പൊതുജനങ്ങളിൽ നിന്നും പിരിവു നടത്തി പത്ത് കോടി രൂപ സമാഹരിക്കും. ഇതൊടൊപ്പം അമൂല്യ രാഷ്ട്രീയ ചരിത്ര രേഖകളടക്കം സൂക്ഷിച്ചിരിക്കുന്ന ലൈബ്രറി ഡിജിറ്റലാക്കുന്ന പ്രവര്‍ത്തനവും നടക്കുന്നുണ്ട്.