Timely news thodupuzha

logo

ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ, പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ലെന്ന് വിധി പ്രസ്താവിച്ചു. ‘ഫ്യൂച്ചര്‍ ജനറലി’ ഇന്‍ഷൂറന്‍സ് കമ്പനിക്കെതിരെ നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ സമര്‍പ്പിച്ച ഹരജിയിലാണ് വിധി.

2015 ഡിസംബര്‍ 29ന് ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ ഏലിയാമ്മയുടെ ഭര്‍ത്താവ് കുര്യന്‍ മരണപ്പെട്ടിരുന്നു. അന്ന് വാഹനമോടിച്ചിരുന്നത് ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. പക്ഷെ ഇന്‍ഷൂറന്‍സ് കമ്പനി സ്ഥാപനത്തിന്റെ പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ കൊടുക്കാന്‍ തയ്യാറായില്ല.

വാഹന ഉടമയ്ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സ് കൂടി വേണമായിരുന്നുവെന്നും മരണപ്പെട്ട വാഹന ഉടമയ്ക്ക് അതുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇന്‍ഷൂറന്‍സ് നിഷേധിച്ചത്. തുടര്‍ന്ന് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു ഏലിയാമ്മ.

ഓണര്‍ കം ഡ്രൈവര്‍ പോളിസിയുടെ ഉദ്ദേശം വാഹന ഉടമയുടെയും കുടുംബത്തിന്റെയും പരിരക്ഷയാണെന്നിരിക്കെ പ്രീമിയം സ്വീകരിച്ച ശേഷം ഇന്‍ഷൂറന്‍സ് നിഷേധിക്കുന്നത് അനുചിതമായ നടപടിയാണെന്നും പരാതിക്കാരിക്ക് തുക നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിടുകയായിരുന്നു.

നിയമാനുസൃതം ലൈസന്‍സ് ഉണ്ടായിരുന്നയാളാണോ വാഹനമോടിച്ചിരുന്നതെന്നും മരണമോ വൈകല്യമോ സംഭവിക്കുന്നത് സ്വന്തം വാഹനം അപകടത്തില്‍പ്പെട്ടിട്ടാണോയെന്നും മാത്രമേ ഇന്‍ഷൂറന്‍സ് കമ്പനി നോക്കേണ്ടതുള്ളു. ഡ്രൈവിംഗ് ലൈസന്‍സ് ഒരു വാഹനത്തിന്റെ ഉടമയാകാന്‍ നിര്‍ബന്ധമില്ല എന്നിരിക്കെ വാഹന ഉടമയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്ക് ലൈസന്‍സ് വേണമെന്ന നിബന്ധനക്ക് അടിസ്ഥാനമില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

രണ്ടു ലക്ഷം രൂപ പരാതിക്കാരിക്ക് ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും സേവനത്തില്‍ വീഴ്ച വരുത്തിയതിന് 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവിട്ടു.

Leave a Comment

Your email address will not be published. Required fields are marked *