തിരുവനന്തപുരം: ജി.പി.എസ് കോളര്‍ എത്തിക്കുന്നതിൽ വീണ്ടും മാറ്റമുണ്ടായതോടെ അരിക്കൊമ്പനെ പിടികൂടുന്നത് ഇനിയും വൈകാനാണ്. സാധ്യത. നാളെ മാത്രമേ സംസ്ഥാനത്ത് ജി.പി.എസ് കോളര്‍ എത്തുകയുള്ളൂ. ജി.പി.എസ് കോളര്‍ അസമിൽ നിന്നാണ് എത്തിക്കുന്നത്. മുമ്പ് ഇത് ബാംഗ്ലൂരിൽ നിന്ന് എത്തിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിനിടയിൽ പൂപ്പാറ തലക്കുളത്ത് ഇന്ന് അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി.
പലചരക്ക് സാധനങ്ങളുമായി കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ പോയ ലോറിയെ തലക്കുളത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു. തമിഴ്നാട്ടിൽ നിന്ന് സാധനങ്ങളുമായി മൂന്നാറിലേക്ക് പോവുകയായിരുന്നു ലോറി. സംഭവം നടന്നത് പുലർച്ചെ അഞ്ചു മണിക്കായിരുന്നു. ലോറിയിൽ ഉണ്ടായിരുന്നവര്‍ ആനയുടെ ആക്രമണം ഭയന്ന് ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഉണ്ടായില്ല.