തിരുവനന്തപുരം: ക്ഷേമ, വികസന പദ്ധതികൾ സംയോജിപ്പിച്ച് നവകേരളം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 50 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്‌ഘാടനവും ആർദ്രകേരളം പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആരോഗ്യരംഗത്തിന് ബജറ്റ് വിഹിതം 665 കോടി രൂപയുണ്ടായിരുന്നത് ഇപ്പോൾ 2828 കോടി രൂപയാക്കി. ആരോഗ്യരംഗത്തെ വലിയ പ്രാധാന്യത്തോടെ സർക്കാർ സമീപിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. കാരുണ്യ പദ്ധതിയിലൂടെ കേരളത്തിൽ 1630 കോടി രൂപ വിതരണം ചെയ്‌തപ്പോൾ കേന്ദ്ര വിഹിതം 138 കോടി മാത്രമാണ്.
പദ്ധതിയുടെ 90 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം. ആർദ്രം പദ്ധതിയിൽ എത്രത്തോളം ഇടപെട്ടെന്ന് പരിശോധിക്കണം. ഭാവിയിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കി ഒട്ടേറെ പദ്ധതി ഏറ്റെടുക്കേണ്ടതുണ്ട്.