റംസാൻ മാസത്തിലെ 30 നോമ്പും അനുഷ്ഠിക്കാൻ സാധിച്ചതിന്റെ നിർവൃതിയിൽ മുസ്ലീം സമൂഹം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒരു മാസത്തെ വ്രാതനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ജീവിത വിശുദ്ധി ജീവിതത്തിലുടനീളം പ്രാവർത്തികമാക്കാൻ ഓരോ വിശ്വാസിയും തയ്യാറാകണമെന്ന് കാരിക്കോട് നൈനാർ പള്ളി ചീഫ് ഇമാം ഹാഫിസ് നൗഫൽ കൗസരി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. തഖ് വയിൽ അധിഷ്ഠിതമായ ചര്യകൾ മുറുകെ പിടിക്കുവാനും പ്രതിസന്ധികളിൽ ഐക്യത്തോടെ പ്രവർത്തിക്കാനും മുസ്ലീം സമൂഹം തയ്യാറാകണമെന്നും ഇമാം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പതിവിലും നേരത്തെ തന്നെ പള്ളികളിലേക്ക് പ്രാർത്ഥനക്കായി വിശ്വാസികൾ പ്രവഹിച്ചു. അന്തരീക്ഷം തക്ബീർ ധ്വനികളാൽ മുഖരിതമായി. കൃത്യം 8.30ന് നൈനാർ പള്ളിയിൽ ചെറിയ പെരുന്നാൾ നമസ്കാരത്തിന് ചീഫ് ഇമാം നേതൃത്വം നൽകി. നിരവധി ആളുകൾ നമസ്കാരത്തിലും കൂട്ട പ്രാർത്ഥനയിലും പങ്കെടുത്തു. പിന്നീട് വീടുകളിലേക്ക് മടങ്ങിയവർ ബന്ധു വീടുകൾ സന്ദർശിച്ച് പരസ്പരം ഈദാശംസകൾ കൈമാറി. രാവിലെ പെരുന്നാൾ നമസ്കാരത്തിന് മുമ്പ് തന്നെ ഫിത്തർ സക്കാത്ത് വിതരണവും വിശ്വാസികൾ നടത്തി. വീടുകളിലും പള്ളികളിലും പാവങ്ങൾക്കും സക്കാത്ത് വിതരണം നടത്തി.