ഫ്രാൻസ്: ഗോൾഡൻ ഗ്ലോബ് റോഡ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാം സ്ഥാനത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനാണ് ഇദ്ദേഹം. ശനിയാഴ്ച്ച ഇന്ത്യൻ സമയം പകൽ 10.30 ഓടെയാണ് അഭിലാഷ് ഫിനിഷ് ചെയ്തത്. അഭിലാഷ് ടോമിയെ സ്വീകരിക്കുന്നതിനായി സാബ്‌ലെ ദേലോൻ നഗരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
നോർത്ത് അറ്റ്ലാൻറിക് സമുദ്ര മേഖലയായ ഇവിടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ കാരണം അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച അഭിലാഷ് ടോമി ലീഡെടുത്തെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കിർസ്റ്റൻ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്‌റ്റംബർ നാലിനാണ് മത്സരം ആരംഭിച്ചത്.
236 ദിവസങ്ങളാണ് അഭിലാഷ് ടോമി ബയാനത്ത് എന്ന ചെറുപായ്ക്കപ്പലിൽ ഒറ്റക്ക് ലോകം ചുറ്റാൻ എടുത്തത്. 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ചായിരുന്നു അഭിലാഷിൻറെ ലോകയാത്ര. മറ്റ് കായിക ഇനങ്ങളേക്കാളും വെല്ലുവിളികൾ നിറഞ്ഞ മത്സരമായതിനാൽ സമുദ്ര സാഹസികതയുടെ എവറസ്റ്റ് എന്നാണ് ഗോൾഡൻ ഗ്ലോബ് റേസിനെ വിളിക്കുന്നത്. പ്രകൃതിയുടെ വെല്ലുവിളികളേയും ശാരീരിക മാനസിക വെല്ലുവിളികളേയും ഒരു പോലെ മറികടന്നാണ് മത്സരത്തിൽ പങ്കെടുക്കുന്ന നാവികർ നേരിടേണ്ടി വരുന്നത്.