ന്യൂഡൽഹി: വായു മലിനീകരണ തോത് ഡൽഹിയിൽ മുന്നൂറ് കടന്നതായി റിപ്പോർട്ടുകൾ. അതായത് വളരെ മോശമായ വായു ഗുണനിലവാരമാണ് ഡൽഹിയിൽ ഇപ്പോഴുള്ളതെന്നാണ് വ്യക്തമാക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കാനാണ് സർക്കാർ നിർദേശം. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ – ഗ്രേഡ് 2, ഇന്ന് രാവിലെ മുതൽ നടപ്പാക്കി തുടങ്ങി.
ഈ പദ്ധതി പ്രകാരം കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് ഇനി മുതൽ കനത്ത പിഴ ചുമത്തും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കർശന നിര്‍ദേശം നൽകി.
മലിനീകരണം കുറയ്ക്കാനായി കർശന പരിശോധനകളും, നടപടികളും ഉണ്ടാകും, പൊടി കുറയ്ക്കാന്‍ നിർമ്മാണ പ്രവർത്തികൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് വർധിപ്പിക്കും.
ഗതാഗത തടസം കുറയ്ക്കാൻ നഗരത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കും. എൻ.സി.ആർ മേഖലയിലാകെ നിയന്ത്രണങ്ങൾ ബാധകമാക്കാനും തീരുമാനമായി.
വായുമലിനീകരണ സൂചിക – പൂജ്യത്തിനും 50നും ഇടയിലുള്ള വായു മലിനീകരണ തോത് മികച്ച ഗുണനിലവാരം ഉള്ളതാണ്, 51ഉം 100ഉം ഇടയിലുള്ളത് തൃപ്തികരവും, 101ഉം 200ഉം മിതമായതുമാണ്.
201നും 300 ഇടയിലുള്ളത് മോശമായതും, 301 മുതൽ 400 വരെയുള്ളത് വളരെ മോശവും, 401ഉം 450ഉം കഠിനവും, 450ന് മുകളിലുള്ളത് അതി കഠിനവും ആയാണ് കണക്കാക്കപ്പെടുന്നത്.