ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ, കോർപറേറ്റ് പ്രീണന നയങ്ങൾക്കെതിരെ തൊഴിലാളികളുടെയും കർഷകരുടെയും നേതൃത്വത്തിലുള്ള രാജ്യവ്യാപക പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച. കേന്ദ്ര ട്രേഡ് യൂണിയനുകളുമായി സഹകരിച്ച് വൻ പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ദേശീയ സമിതിക്കുശേഷം കിസാൻ മോർച്ച നേതാക്കൾ പ്രഖ്യാപിച്ചു. ആഗസ്ത് ഒന്നു മുതൽ 15 വരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ്, ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ -എന്നിവയുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്ര നടപടി പിൻവലിക്കണമെന്ന് മോർച്ച ആവശ്യപ്പെട്ടു.
പുൽവാമ ആക്രമണത്തിൽ വെളിപ്പെടുത്തൽ നടത്തിയ ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മലിക്കിനെ സിബിഐയെ ഉപയോഗിച്ച് വേട്ടയാടുന്നതിനെയും യോഗം അപലപിച്ചു. വാർത്താസമ്മേളനത്തിൽ അശോക് ധാവ്‌ളെ, ഹന്നൻ മൊള്ള, ദർശൻ പാൽ, അവിക് സാഹ, യോഗീന്ദർ സിങ് ഉഗ്രഹാൻ, തജീന്ദർ സിങ് വിർക്ക് തുടങ്ങിയവർ പങ്കെടുത്തു.
ഗുസ്‌തി താരങ്ങളുടെ സമരവേദിയിലെത്തി കിസാൻ മോർച്ച നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ് സമരത്തെ അഭിവാദ്യം ചെയ്‌തു. രാജ്യവ്യാപക പ്രക്ഷോഭങ്ങൾ— മെയ് 26 മുതൽ 31 വരെ സംസ്ഥാനങ്ങളിൽ പ്രതിഷേധം. എംപിമാരുടെയും പ്രധാനപ്പെട്ട നേതാക്കളുടെയും വസതിയിലേയ്‌ക്ക് മാർച്ച്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ സംസ്ഥാന, ജില്ലാതല കൺവൻഷനുകൾ. സെപ്തംബർ മുതൽ നവംബർ പകുതിവരെ അഖിലേന്ത്യ യാത്രകൾ; ബിജെപി പരാജയം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിൽ പ്രചാരണം തീവ്രമാക്കും.
കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ലഖിംപുർഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്‌ത ഒക്ടോബർ മൂന്നിന് അഖിലേന്ത്യ രക്തസാക്ഷിത്വ ദിനം ആചരിക്കും. ദില്ലി ചലോ മാർച്ച് ഡൽഹിയുടെ അതിർത്തിയിൽ എത്തിയ ദിനമായ നവംബർ 26ന്, എല്ലാ സംസ്ഥാനങ്ങളിലും മൂന്നുദിവസം രാപ്പകൽ ധർണയും അഖിലേന്ത്യ വിജയ് ദിവസ് ആചരണവും.