ഹൈദരാബാദ്: തെലങ്കാനയിൽ പ്രീമിയർ ഷോകൾ നിരോധിച്ച നടപടി പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കുമെന്ന തീരുമാനത്തിലും മാറ്റമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തെലുങ്കു സിനിമാ പ്രതിനിധി സംഘത്തോടാണ് രേവന്ത് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.
ചരിത്രം, സ്വാതന്ത്ര്യസമരം, മയക്കുമരുന്നുകൾക്കെതിരായ സന്ദേശം എന്നിവ പ്രമേയമാക്കിയ സിനിമകൾക്ക് മാത്രമേ ഇളവുകളുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തത്തിനു പിന്നാലെയാണ് പ്രീമിയർ ഷോകൾ നിരോധിച്ചത്.
സർക്കാർ ദുരന്തം ബാധിച്ച കുടിമ്പത്തിനൊപ്പം ആണെന്നും രേവന്ത് വ്യക്തമാക്കി. ചിരഞ്ജീവി, അല്ലു അർജുന്‍റെ അച്ഛൻ അല്ലു അരവിന്ദ്, വെങ്കടേഷ് അടക്കമുള്ള പ്രമുഖ താരങ്ങളും നിർമാതാക്കളും മറ്റ് തെലുങ്കു ഫിലിംചേംബർ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആരാധകരെയും സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെയും നിയന്ത്രിക്കേണ്ടത് താരങ്ങളാണെന്നും രേവന്ത് നിർമാതാക്കളോട് പറഞ്ഞു.