തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി എ.ഐ ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. കരാറുമായി ബന്ധപ്പെട്ട് വൻ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
235 കോടിക്ക് എസ്റ്റിമേറ്റിട്ടതു മുതൽ ഗൂഢാലോചന നടന്നതായും കെൽട്രോണിന്‍റെ ഒത്താശയോടെ കോടികൾ വെട്ടാൻ പാകത്തിലാണ് എസ്റ്റിമേറ്റിട്ടതെന്നും അദ്ദേഹം ആരോപിച്ചു. യഥാർഥ വിലയേക്കാൾ ഇരട്ടിവില നിശ്ചയിച്ച് കോടികൾ കൊള്ളയടിക്കാൻ പാകത്തിലാണ് എസ്റ്റിമേറ്റ് ഉണ്ടാക്കിയത്. പ്രധാന കാര്യങ്ങളിൽ ഉപകരാർ കൊടുക്കാൻ പാടില്ലെന്ന് ടെൻഡർ ഡോക്യുമെന്‍റിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതു പാലിക്കപ്പെട്ടിട്ടില്ല. 2020 ഒക്റ്റോബറിൽ കെൽട്രോൺ എസ്.ആർ.ഐ.ടി, അൽഹിന്ദ്, പ്രസാഡിയോ എന്നീ കമ്പനികളുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ചു. പിന്നീട് അൽഹിന്ദ് ചിത്രത്തിൽ നിന്ന് മാറി. അതിനു ശേഷം 2021 മാർച്ച് മൂന്നിന് കെൽട്രോൺ അറിയാതെ എസ്. ആർ.ഐ.ടി ഹൈദരാബാദിലെ കമ്പനിയുമായി സർവീസ് കരാറിലെത്തി. പത്തു ദിവസത്തിനു ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് കെൽട്രോൺ അവകാശപ്പെടുന്നത്. കരാർ ലംഘിക്കപ്പെട്ടാൽ അതു റദ്ദാക്കാനുള്ള അധികാരം കെൽട്രോണിന് ഉണ്ടായിട്ടും അതുപയോഗിച്ചില്ലെന്നും സതീശൻ ആരോപിച്ചു.
ഉപകരാർ രേഖകളും പ്രതിപക്ഷനേതാവ് പുറത്തുവിട്ടു. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ മുറിയ്ക്കകത്തേക്കു കയറിയിട്ടും അദ്ദേഹം മൗനം തുടരുകയാണ്. ഇക്കാര്യത്തിൽ മൗനം വെടിയാനായി പ്രതിപക്ഷം മുഖ്യമന്ത്രിക്ക് ഒരവസരം കൂടി നൽകുകയാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിന് ഇടപാടുകളിൽ പങ്കാളിത്തമുണ്ടെന്ന ആരോപണം മുഖ്യമന്ത്രി ഇനിയും നിഷേധിച്ചിട്ടില്ല.
പ്രതിപക്ഷം പുറത്തു വിട്ട രേഖകളെ കുറിച്ചോ ആരോപണങ്ങളെക്കുറിച്ചോ പ്രതികരിക്കാൻ സർക്കാർ ഇതു വരെ തയാറായിട്ടില്ല. കരാറുമായി ബന്ധപ്പെട്ട് പുറത്തു വിടാൻ ഇനിയും രേഖകൾ ഉണ്ടെന്നും സർക്കാരിന്‍റെ രണ്ടാം വാർഷികത്തിൽ ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.