ഇടുക്കി: സ്ത്രീകളുടെ പദവിയും അംഗീകാരവും ഉയർത്തുന്നതിൽ ചരിത്രപരമായ പങ്കു വഹിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് ഡീൻ കുര്യാക്കോസ് എം.പി. വ്യക്തമാക്കി.
പഞ്ചായത്തി രാജ് നിയമ നിർമ്മാണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സംവരണം ഉറപ്പു വരുത്തുവാനും കുടുംബശ്രീ രൂപീകരണത്തിനു കാരണമായ സ്വാശ്രയ സംഘ സ്ത്രീശാക്തീകരണവും , തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് പരിഗണന നല്കി ഉണ്ടാക്കിയ ഐ.സി.ഡി.എസും വനിതകളുടെ സാമ്പത്തീക സുരക്ഷിതത്ത്വവും ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയും കോൺഗ്രസ് സർക്കാരുകൾ ഇന്ത്യൻ വനിതകൾക്ക് നല്കിയ സംഭാവനകളായിരുന്നുവെന്നും എം.പി. ചൂണ്ടിക്കാട്ടി.
മഹിളാ കോൺഗ്രസിന്റെ പുതിയ ജില്ലാ പ്രസിഡന്റായി മിനി സാബു ചുമതല ഏല്ക്കുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കു നേരെ അതിക്രമങ്ങൾ നടത്തുന്നതിനും അവരെ അധിക്ഷേപിച്ചു സംസാരിക്കുന്നതിനും ജില്ലയിലെ സി.പി.എം നേതാക്കൾ മത്സരബുദ്ധിയോടെയുള്ള നിലപാടുകളാണു സ്വീകരിച്ചിട്ടുള്ളതെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു ചൂണ്ടിക്കാട്ടി.
ഭരണത്തിന്റെ തണലിലും അഹന്തയിലും വാഗ്ദാനങ്ങൾ നല്കിയും പ്രലോഭിപ്പിച്ചും ത്രിതലപഞ്ചായത്തിലെ വനിതകളെ കാലുമാറ്റി ഭരണം അട്ടിമറിക്കുന്ന ഹീനമായ കാലുമാറ്റ രാഷ്ട്രീയ പരീക്ഷണ വേദിയായി സി.പി.എം. ജില്ലയെ മാറ്റിയെന്നും സി.പി. കുറ്റപ്പെടുത്തി. ജില്ലയിലെസ്ത്രീകളുടെ സാമൂഹ്യ സുരക്ഷിതത്ത്വ കാര്യങ്ങളിൽ മഹിളാ കോൺഗ്രസ് ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന്
ഡി.സി.സി. പ്രസിഡന്റ് ആഹ്വാനം ചെയ്തു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അദ്ധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാകമ്മറ്റിയുടെ മിനിറ്റ്സും രേഖകളും പുതിയ ജില്ലാ പ്രസിഡന്റ് മിനി സാബുവിന് കൈമാറികൊണ്ട് ചുമതല ഏല്പിച്ചു. മുൻ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോയി തോമസ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്.ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ.പി.സി.സി അംഗങ്ങളായ എ.പി.ഉസ്മാൻ, എം.കെ.പുരുഷോത്തമൻ, നിഷ സോമൻ, എം.ഡി. അർജുനൻ, ബിജോ മാണി, അഡ്വ:കെ.ബി.സെൽവം, വിജയകുമാർ മറ്റക്കര, ജെയ്സൺ.കെ.ആന്റണി, ആൻസി തോമസ്, ആലീസ് ജോസ്, ശശികലാ രാജു, പി.ഡി.ശോശാമ്മ, ജിൻസി ജോയി, സ്വർണ്ണലത അപ്പുക്കുട്ടൻ, മണിമൊഴി, ആലീസ് ഗോപുരത്തിൽ, ജോസ്മി ജോർജ്, നിർമ്മലാ ലാലച്ചൻ, തങ്കച്ചൻ കാരയ്ക്കാവയലിൽ വിനോദ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.