Timely news thodupuzha

logo

ഡോക്ടര്‍ ദമ്പതികളുടെ വിവാഹത്തിന് സര്‍ക്കാരിന്റെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്; രണ്ടായിരം പേര്‍ പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി സംഘടിപ്പിച്ചു

സി.എ.സജീവൻ

തൊടുപുഴ: രണ്ടായിരം പേര്‍ പങ്കെടുത്ത വിവാഹ സദ്യയും ആഘോഷ പരിപാടികളും സമ്പൂര്‍ണ്ണ മാലിന്യ രഹിതമായി സംഘടിപ്പിച്ച് നൂതന മാതൃക കാട്ടുകയാണ് ഹരിതകേരളം മുന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയായ ഡോ. ജി.എസ്.മധു.തൊടുപുഴ ജോഷ് പവലിയനില്‍ നടന്ന മകള്‍ ഡോ.മീരയും തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി ഡോ.അഗ്നിവ്യാസും തമ്മിലുള്ള വിവാഹമാണ് സീറോ വേസ്റ്റില്‍ പര്യവസാനിച്ചത്.ഭക്ഷണാവശിഷ്ടങ്ങളും മറ്റും അപ്പോള്‍ത്തന്നെ കംബോസ്റ്റാക്കുന്ന നവീന സംവിധാനമാണ് ഡോ. മധു സ്വീകരിച്ചത്.ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും ഗ്രീന്‍ സര്‍ട്ടിഫിക്കറ്റും ഈ പുതിയ വിവാഹ മാതൃകയ്ക്ക് ലഭിച്ചു.

പേപ്പര്‍ പ്ലേയ്റ്റുകളും ഡിസ്സിപോബിള്‍ ഗ്ലാസുകളുമെല്ലാമായി രണ്ടു ടണ്ണോളം മാലിന്യം ഉണ്ടാകേണ്ടിയിരുന്ന പരിപാടിയാണ് യാതോരു മാലിന്യമവശേഷിപ്പിക്കാതെ സംഘടിപ്പിച്ചത്. അതിനായി ഒറ്റത്തവണ ഉപയോഗ വസ്തുക്കളെയെല്ലാം പൂര്‍ണ്ണമായി ഒഴിവാക്കി. അവശേഷിച്ച ഭക്ഷണാവശിഷ്ടമാകട്ടെ മൊബൈല്‍ കംബോസ്റ്റര്‍ യൂണിറ്റിലൂടെ ജൈവ വളവുമാക്കി.പുനരുപയോഗ യോഗ്യമായ കമ്പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന വസ്തുക്കള്‍ മാത്രമേ വിവാഹ സദ്യയിലും ആഘോഷ പരിപാടികളിലും ഉപയോഗിച്ചുള്ളൂ. പരമാവധി മാലിന്യം കുറച്ചുല്‍പ്പാദിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.ആദ്യം കുറച്ചു വിളമ്പുകയും ആവശ്യം അനുസരിച്ച് വീണ്ടും വീണ്ടും വിളമ്പുകയും ചെയ്യുന്ന രീതിയും അവലംബിച്ചു.

തിളപ്പിച്ച വെള്ളവും ശീതള പാനിയങ്ങളും ചില്ലുഗ്ലാസിലും പായസം പോഴ്‌സലിന്‍ ഗ്ലാസുകളിലുമാണ് നല്‍കിയത്.സദ്യക്ക് മേശ വിരിയായി വെള്ളം തൊട്ടാല്‍ നനയുന്ന തിളക്കമില്ലാത്ത ന്യൂസ് പ്രിന്റാണ് ഉപയോഗിച്ചത്.ടിഷ്യു പേപ്പര്‍ ഒഴിവാക്കി പകരം എല്ലാവര്‍ക്കും ഓരോ തുണിത്തുവാലകള്‍ നല്‍കിയതും പുതുമയായി.ഓരോ പന്തിയും കഴിഞ്ഞാല്‍ ഇലകളും അതിലെ ഭക്ഷണ അവശിഷ്ടങ്ങളും പേപ്പര്‍ മേശവിരിയില്‍ ചുരുട്ടിയെടുത്ത് സമീപത്ത് സജ്ജമാക്കിയിരുന്ന മൊബൈല്‍ കംബോസറില്‍ നിക്ഷേപിച്ചു.അതിനായി ശുചിത്വ മിഷന്റെ അംഗീകാരമുള്ള ഏജന്‍സിയുടെ രണ്ട് ചേംബറുകളുള്ള സ്മാര്‍ട്ട് മൊബൈല്‍ കംബോസ്റ്ററാണ് കൊല്ലത്തു നിന്നും എത്തിച്ചത്.

ആദ്യത്തെ ചേംബറില്‍ നിക്ഷേപിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അരച്ചെടുത്ത് രണ്ടാമത്തെ ചേംബറിലേക്ക് മാറ്റുന്നു. ഈ ചേംബര്‍ അതിനെ ജൈവ ഇനോക്കുലം ചേര്‍ത്ത് കമ്പോസ്റ്റ് ആക്കുന്നു. ഇതില്‍ ചകിരിച്ചോര്‍ ചേര്‍ത്ത് ജലാംശം പരമാവധി കുറയ്ക്കുന്നതിനും സംവിധാനമുണ്ട്. മണിക്കൂറില്‍ ഒരു ടണ്‍ ജൈവാവശിഷ്ടം സംസ്‌കരിക്കാനുള്ള ശേഷിയുള്ളതാണ് ഈ സ്മാര്‍ട്ട് മൊബൈല്‍ കമ്പോസ്റ്റര്‍. സംസ്‌കരണ സമയത്ത് ദുര്‍ഗന്ധമോ മലിനജലമോ പുറത്തു വരില്ലെന്നതും സവിശേഷതയാണ്. പിന്നീട് വിന്റോ കംബോസ്റ്റ് മാര്‍ഗത്തിലൂടെ ഇതിനെ ജൈവവളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 10 ദിവസത്തിനുള്ളില്‍ ഇത് സമ്പൂര്‍ണ്ണ ജൈവവളമാകും.

ജില്ലയില്‍ ഹരിത കേരളം പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച തന്റെ മകളുടെ വിവാഹത്തിലും അനുബന്ധ ആഘോഷങ്ങളിലുമൊന്നും വലിച്ചെറിയാനോ കത്തിക്കാനോ കുഴിച്ചുമൂടാനുള്ള യാതൊന്നും ഉണ്ടാവരുതെന്ന പിടിവാശിയാണ് ഡോ. മധുവിനെ ഇപ്രകാരം ചടങ്ങുകള്‍ ഒരുക്കാന്‍ പ്രേരിപ്പിച്ചത്.ശുചിത്വ മിഷന്റെ സാങ്കേതിക സഹായവും ഇക്കാര്യത്തില്‍ ലഭിച്ചതായി ഡോ. മധു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *