തൊടുപുഴ: കേന്ദ്ര ഗവൺമെന്റിന്റെ ഭരണത്തിനെതിരെ തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് 12ന് ജനാധിപത്യ സംരക്ഷണ സദസ്സ് നടത്തുമെന്ന് സ്വാഗത സംഘം ചെയർമാൻ സച്ചിൻ.കെ.ടോമിയും ജനറൽ കൺവീനർ അനിൽ രാഘവനും അറിയിച്ചു. വൈകിട്ട് നാലിന് നടക്കുന്ന യോഗം മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(റെഡ് ഫ്ളാഗ്) സംസ്ഥാന സെക്രട്ടറി സ. പി.സി.ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സച്ചിൻ.കെ.ടോമി അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ അനിൽ രാഘവൻ സ്വാഗതം ആശംസിക്കും.
2014 ൽ അധികാരത്തിൽ വന്ന മോദി സർക്കാർ നവ ഉദാരവൽക്കരണ നയങ്ങളുടെ ഗതിക്രമം മാറ്റി പൂർണ്ണമായും കുത്തകാശിതമാക്കി. ജനാധിപത്യ നടപടി ക്രമങ്ങളും ഫെഡറിലിസവും തകർത്ത്, കുത്തക മൂലധന താല്പര്യവും ഭരണവും ഒന്നായി തീർന്ന ഫാസിസ്റ്റ് വാഴ്ചക്കാണ് മോദി നേതൃത്വം നൽകുന്നത്. ഇതിന്റെ ഉത്തമോദാഹരണമാണ് രാഹുൽ ഗാന്ധി എം.പി യെ അയോഗ്യനാക്കാനായി കാട്ടിയ തിടുക്കവും ലേഖനത്തിൽ അമിത് ഷായെ കുറിച്ച് പരാമർശിച്ച ജോൺ ബ്രിട്ടാസ് എം.പി.ക്കെതിരെ കൈകൊളളുന്ന നടപടികളും, ഇത്തരം ഫാസിസ്റ്റു നടപടികൾക്കെതിരെ യോജിച്ച ശക്തമായ ജനാധിപത്യ മുന്നേറ്റങ്ങൾ ഉണ്ടാകേണ്ട ആവശ്യകത ഊന്നി പറയുന്നതിനായാണ് ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കെ.പി.സി.സി മെമ്പർ ശ്രീ. ഏ.പി ഉസ്മാൻ, സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: വി.വി. മത്തായി, സി.പി.ഐ ജില്ലാ സെക്രട്ടറി സ: കെ.സലിം കുമാർ, പാഫ. കെ.ഐ.ആന്റണി (ഉന്നതാധികാര സമിതി അംഗം – കേരളാ കോൺഗ്രസ് (എം)), ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ജോർജ്ജ് അഗസ്റ്റിൻ, കേരളാ കോൺഗ്രസ് (ജെ) തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റി അംഗം പ്രൊഫ. മെജോ വി. കുര്യാക്കോസ്, കേരളാ കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. പോൾസൺ മാത്യു, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി ശ്രീ. പി.പി. സുലൈമാൻ, സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.കെ.സുമേഷ് ബാബു, കോൺഗ്രസ്(എസ്) സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീ.കെ. വിനോദ്, ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന കമ്മറ്റിയംഗം സ: എം.എസ്.സുരേഷ് ബാബു, ജനതാദൾ – എസ് ജില്ലാ പ്രസിഡന്റ് ശ്രീ. കെ.എം. റോയി, എൻ.സി.പി തൊടുപുഴ താലൂക്ക് പ്രസിഡന്റ് ശ്രീ. ജയ്സൺ തേവലത്തിൽ, ഫോർവേഡ് ബ്ലോക്ക്, ജില്ലാ സെക്രട്ടറി സ. സി.കെ. ശിവദാസൻ, ശ്രീ. എൻ.കെ. ദിനേശ് (കേരള യുക്തിവാദി സംഘം), ഭരണഘടനാ സംരക്ഷണ സമിതി ചെയർമാൻ ശ്രീ. ജെയിംസ് കോലാനി, കവി ശ്രീ. തൊമ്മൻകുത്ത് ജോയ്, സാംസ്കാരിക പ്രവർത്തകൻ സുകുമാർ അരിക്കുഴ തുടങ്ങിയവർ സംസാരിക്കും.