Timely news thodupuzha

logo

100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള നടന്നു

ഇടുക്കി: സംസ്ഥാനസർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പട്ടയമേള ചെറുതോണിയിൽ നടന്നു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പട്ടയമേള ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. ഏഴു ചെയിൻ, പത്തു ചെയിൻ മേഖലയിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുമെന്നും ഭൂപതിവു നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു.

ചെറുതോണി ടൗൺഹാളിൽ നടന്ന മേളയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ചട്ടങ്ങളിൽ ഭേദഗതി വരുത്തി ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ദേവികുളം, ഇടുക്കി, തൊടുപുഴ എന്നീ താലൂക്കുകളിലെ എമർജൻസി ഓപ്പറേഷൻ സെന്ററുകളുടെ ഉദ്ഘാടനം, റവന്യൂ അതിഥിമന്ദിരം, ഇടുക്കി തഹസീൽദാറുടെ ഔദ്യോഗിക വസതി എന്നിവയുടെ ഉദ്ഘാടനവും പട്ടയമേള വേദിയിൽ നടന്നു.

1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരമുള്ള 1754 പട്ടയങ്ങൾ, 1993-ലെ ഭൂമി പതിവ് ചട്ടപ്രകാരമുള്ള 935 പട്ടയങ്ങൾ, മുനിസിപ്പൽ പ്രദേശത്തെ 15 പട്ടയങ്ങൾ, 62 ലാൻഡ് ട്രൈബ്യൂണൽ ക്രയസർട്ടിഫിക്കറ്റുകൾ, ഹൈറേഞ്ച് കോളണൈസേഷൻ സ്‌കീം പ്രകാരമുള്ള 4 പട്ടയങ്ങൾ, 18 വനാവകാശ രേഖകൾ എന്നിങ്ങനെ 2788 പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്തു.

ചടങ്ങിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരുന്നു. എംഎൽഎ.മാരായ എം എം മണി, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടർ ഷീബ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, സബ് കളക്ടർമാരായ ഡോ.അരുൺ എസ് നായർ, രാഹുൽകൃഷ്ണ ശർമ, എ.ഡി.എം ഷൈജു പി ജേക്കബ്, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *