Timely news thodupuzha

logo

കുടിയേറ്റ ജനതയുടെ അതിജീവന പോരാട്ടം അവിസ്മരണീയമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

വെള്ളയാംകുടി: ഇടുക്കിയിലെ കുടിയേറ്റ ജനതയുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങളും ഭൂപ്രശനങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങളും കാലത്തിന് മായ്ക്കാനാവാത്തതാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നിർമ്മാണ നിരോധനവും വന്യജീവി ആക്രമണവും ഉൾപ്പെടെയുള്ള മലയോര ജനതയുടെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുവാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണം വെള്ളയാംകുടിയിൽ പ്രഥമ ഇടുക്കി രൂപതാ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഇടുക്കി രൂപത നൽകിയിരിക്കുന്ന സംഭാവനകളെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യു ആനി കുഴിക്കാട്ടിൽ പിതാവിന്റെ തീക്ഷ്ണതയും പ്രവാചക ധീരതയും കേരള കത്തോലിക്കാ സഭയ്ക്ക് മുതൽക്കൂട്ടായിരുന്നു. വിശ്വാസ തീക്ഷ്ണതയുള്ള ദൈവജനം ഇടുക്കിയുടെ ദൈവാനുഗ്രഹത്തിന്റെ നേർസാക്ഷ്യം ആണ്. ഇടുക്കിയുടെ ഭൂപ്രശനങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ യോഗത്തിൽ അധ്യക്ഷനായിരുന്നു. കോതമംഗലം രൂപത ബിഷപ്പ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.ബി.സി അൽമായ കമ്മീഷൻ സെക്രട്ടറി പ്രൊഫ. കെ.എം.ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്കാ സഭ നൽകിയിട്ടുള്ള വലിയ സേവനങ്ങളെ തമസ്കരിക്കുന്ന പുതിയ പ്രവണതയെ നേരിടുവാൻ വിശ്വാസ സമൂഹം ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഭവന നിർമ്മാണ നിധിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പരിഷ്കരിച്ച വെബ്സൈറ്റിന്റെ ലോഞ്ചിംഗ് ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഇടുക്കി രൂപതയിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച മഹത് വ്യക്തികളെയും മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും യോഗത്തിൽ ആദരിച്ചു.

കഴിഞ്ഞ ഒരു മാസക്കാലമായി രൂപ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവും ക്യാഷ് അവാർഡും വിജയികൾക്ക് സമർപ്പിച്ചു. രാവിലെ എട്ടുമണിക്ക് കൃതജ്ഞത ബലിയർപ്പണത്തോടുകൂടി സമാപന ദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. നെടുംകണ്ടം അടുത്ത വർഷത്തെ രൂപ താ ദിനത്തിന് ഉള്ള വേദിയായി അഭിവന്ദ്യ പിതാവ് പ്രഖ്യാപിച്ചു.

ഇടവക വികാരി ഫാ. ജെയിംസ് ശൗര്യം കുഴിയിൽ, കൈക്കാരന്മാർ എന്നിവർ ചേർന്ന് പതാക ഏറ്റുവാങ്ങി. ജനറൽ കൺവീനർ മോൺ. ജോസ് പ്ലാച്ചിക്കൽ സ്വാഗതവും പാസ്റ്റർ കൗൺസിൽ സെക്രട്ടറി ഷാജി വൈക്കത്ത് പറമ്പിൽ നന്ദിയും പ്രകാശിപ്പിച്ചു. സ്നേഹ വിരുന്നോട് കൂടി രൂപത ദിനാചരണ പരിപാടികൾ സമാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *