ഏഴല്ലൂര്‍: കുമാരമംഗലം പഞ്ചായത്തിലെ ഏഴല്ലൂര്‍ നരസിംഹ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ഇക്കുറി ഹരിത സപ്താഹം. ഏഴു ദിവസത്തെ യജ്ഞം മാലിന്യമുക്തമായി നടത്താനാകുമെന്ന ഹരിതകേരളം മിഷന്റെയും പഞ്ചായത്തിന്റെയും നിര്‍ദ്ദേശം അംഗീകരിച്ചാണ് നൂറുകണക്കിന് വിശ്വാസികളെത്തുന്ന സപ്താഹം ഭരണസമിതി ഹരിതാഭമാക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള എല്ലാ ക്രമീകരണങ്ങളും ഭരണസമിതിയൊരുക്കി. സാങ്കേതിക സഹായവും മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഹരിതകേരളം മിഷനും ഒപ്പം നിന്നു.
പിന്നീട് കാര്യങ്ങള്‍ വേഗത്തിലായി. ഹരിതമായി സപ്താഹം സംഘടിപ്പിക്കണമെന്നഭ്യര്‍ഥിക്കുന്ന ബോര്‍ഡുകള്‍ ഭരണസമിതി സ്ഥാപിച്ചു. ഒപ്പം പേപ്പര്‍ പ്ലേറ്റുകളും ക്ലാസുകളും പ്ലാസ്റ്റിക് കവറുകള്‍ക്കും ഭരണ സമിതി വിലക്കുമേര്‍പ്പെടുത്തി. സമൂഹസദ്യയുടെയും മറ്റും ആവശ്യത്തിനായി 500സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും വാങ്ങി. ഒന്നും വലിച്ചെറിയരുതെന്ന നിര്‍ദ്ദേശം എല്ലാ വിശ്വാസികള്‍ക്കും നല്‍കി. എല്ലാ നിര്‍ദ്ദേശങ്ങളും നല്ല മനസ്സോടെ വിശ്വാസികളെല്ലാം സ്വീകരിച്ചതായി ഭരണസമിതി പ്രസിഡന്റ് രാമകൃഷ്ണന്‍ പാലയ്ക്കല്‍, സെക്രട്ടറി സന്തോഷ് പള്ളിപ്ലാശേരി എന്നിവര്‍ പറഞ്ഞു.
പ്ലാസ്റ്റിക്കും പേപ്പറുകളുമൊക്കെ പ്രത്യേകം തരംതിരിച്ച് ശേഖരിക്കാന്‍ ഭരണസമിതി സംവിധാനമൊരുക്കി. ഇവ പഞ്ചായത്തിന്റെ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറും. ഭക്ഷണാവശിഷ്ടങ്ങളും മറ്റും അതത് ദിവസം തന്നെ കംപോസ്റ്റാക്കി മാറ്റുന്നു. ഘോഷയാത്രയിലെ താലപ്പൊലി എടുക്കുന്നവര്‍ സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ട് വരണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളും ക്ഷേത്ര ഭരണ സമിതി നല്‍കുന്നുണ്ട്.
മുമ്പ് സപ്താഹത്തിന് ശേഷം അവശേഷിക്കുന്ന ജൈവ അജൈവ പാഴ് വസ്തുക്കള്‍ വലിയ മാലിന്യ പ്രശ്‌നമായി മാറിയതാണ് സമ്പൂര്‍ണ മാലിന്യമുക്തമായി സപ്താഹം സംഘടിപ്പിക്കാന്‍ ഭരണസമിതിയ്ക്ക് പ്രേരണയായത്. ഹരിത ചട്ടങ്ങള്‍ പാലിച്ച് സപ്താഹം നടത്തി സര്‍ക്കാരിന്റെ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് നേടാനായാല്‍ അതും ഒരംഗീകാരമാകുമെന്നും ഭരണസമിതി കരുതുന്നു.