അടിമാലി: കാലുകള്‍ രണ്ടും നഷ്ട്ടമായി വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകേണ്ട അവസ്ഥയിലായിട്ടും തന്റെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കല്ലാര്‍ വെട്ടിയാര്‍ സ്വദേശി ആന്റണി പി എസ് ദേവികുളം താലൂക്ക്തല പരാതിപരിഹാര അദാലത്തില്‍ നേരിട്ടാണ് എത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ആരോഗ്യ പ്രശ്‌നങ്ങളോട് പൊരുതികൊണ്ടിരിക്കുന്ന ആന്റണി പക്ഷാഘാതത്തെയും രണ്ട് ഹൃദയാഘാതത്തെയും അതിജീവിച്ചെങ്കിലും മുന്നോട്ടുള്ള ചികിത്സയ്ക്ക് വേണ്ടി സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകയാണ്. ഈ കഷ്ടപ്പാടില്‍ ഒരു കൈത്താങ്ങായി അടിമാലിയില്‍ നടന്ന അദാലത്തില്‍ ചികിത്സ ധനസഹായം അനുവദിച്ചിരിക്കുകയാണ് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍.
പൊതുവെ പുതിയതായി അദാലത്തില്‍ നല്‍കുന്ന അപേക്ഷയിന്മേല്‍ നടപടി സ്വീകരിക്കാന്‍ കുറഞ്ഞത് 10 ദിവസമെടുക്കുമെന്നിരിക്കെ ആന്റണിക്ക് അതിവേഗം ധനസഹായം ലഭിക്കുന്നതിനുള്ള നിര്‍ദേശം മന്ത്രി സാമൂഹ്യനീതിവകുപ്പിന് നല്‍കുകയായിരുന്നു. ഭിന്നശേഷി പരിരക്ഷാ പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് വകുപ്പ് ആന്റണിക്ക് ചികിത്സാസഹായം ലഭ്യമാക്കുക. മൂന്ന് പെണ്മകളുള്ള ആന്റണിയുടെ ചികിത്സയും വീട്ടാവശ്യങ്ങളുമൊക്കെ നടക്കുന്നത് കൂലിപ്പണിക്ക് പോകുന്ന ഭാര്യയുടെ വരുമാനത്തിലാണ്. ഒരു തവണ ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകുവാന്‍ വണ്ടിക്കൂലി തന്നെ 5000 രൂപയോളമാകും. ഇതിനു പുറമെ മരുന്നും മറ്റു കാര്യങ്ങളുമൊക്കെ കൂട്ടിമുട്ടിക്കാന്‍ ഈ കുടുംബം വളരെയേറെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാത്തോടാനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അദാലത്തിലൂടെ ആശ്വാസകരമായ സഹായം ആന്റണിക്ക് ലഭിച്ചത്.