തൊടുപുഴ: നഗരം കേന്ദ്രീകരിച്ച് പൊലീസ് – മോട്ടോർ വാഹന വകുപ്പുകൾ വാഹന പരിശോധന നടത്തുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി പരാതി. സ്ഥിരമായി നഗരത്തിലെ ചില ഭാഗങ്ങളാണ് ഉദ്യോഗസ്ഥർ തെരെഞ്ഞെടുത്തിരിക്കുന്നത്. ഒരു വിഭാഗം പരിശോധന അവസാനിപ്പിച്ച് പോകുമ്പോൾ അടുത്ത വിഭാഗം അവിടെ എത്തുന്നു.
ഇതുമൂലം പലരും വഴിമാറി പോകുന്നത് മൂലം തങ്ങളുടെ വ്യാപാരത്തെ ബാധിക്കുന്നു എന്നാണ് ഇവർ പറയുന്നത്. രാവിലെയും വൈകുന്നേരവും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന തൊഴിലാളികളുടെ കച്ചവടമാണ് പലയിടത്തും നഷ്ടപ്പെടുന്നത്. തൊടുപുഴ കോതായിക്കുന്നു ബൈപ്പാസ് റോഡിൽ തണൽ നോക്കി ഇവർ കണ്ടെത്തിയിരിക്കുന്നത് കാടും കയറ്റവും നിറഞ്ഞ സ്ഥലമാണ്.
ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. നഗരം വിട്ടു പരിശോധന നടത്താൻ രണ്ടു വകുപ്പുകളും തയ്യാറല്ല. നഗരത്തിൽ കറങ്ങി തങ്ങളുടെ വയറ്റത്തടിക്കുന്ന നിയമ പാലനമാണ് പോലീസ് – മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നാണ് വ്യാപാരികളുടെ പരാതി. ഇതിനെതിരെ ശബ്ദിക്കാനും ഭയമാണ്.
പരാതി നൽകിയാൽ തങ്ങളെ ഉപദ്രവിക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. വിപണി പ്രതിസന്ധിയിൽ ആയ കാലഘട്ടത്തിൽ ഉള്ള കച്ചവടവും ഇല്ലാതാക്കുന്ന പരിശോധനകൾ നഗരത്തിനു പുറത്തേയ്ക്കു മാറ്റണമെന്നാണ് വ്യാപാരികളുടെ ആവശ്യം.