കമ്പം: തമിഴ്നാട്ടിലിറങ്ങി ഭീതി പരത്തിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവച്ചു. തമിഴ്നാട് വനം വകുപ്പാണ് ജനവാസ മേഖലയിലിറങ്ങിയതിനെ തുടർന്ന് രാത്രി 12.30 ഓടെയാണ് മയക്കുവെടിവച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് അരിക്കൊമ്പനെ 2 തവണ മയക്കുവെടിവച്ചതായാണ് സൂചന. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ചേദിച്ചു. കുങ്കിയാനകളെ സ്ഥലത്തേക്ക് എത്തിച്ചിരുന്നു. മയങ്ങിത്തുടങ്ങിയ ആനയുടെ കാലുകൾ കെട്ടി കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിലേക്ക് കയറ്റുകയായിരുന്നു.
എന്നാൽ കൊമ്പനെ എങ്ങോട്ടാണ് മാറ്റുക എന്ന കാര്യം വ്യക്തമല്ല. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാൽ എവിടേക്ക് മാറ്റുന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് വനം വകുപ്പിൻറെ വിശദീകരണം. അരിക്കൊമ്പൻ പാതി മയക്കത്തിലാണ്, മയക്കം വിട്ട് ഉണർന്നാൽ വാഹനത്തിൽ വച്ചു തന്നെ ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് സൂചന. അരിക്കൊമ്പനുമായി വെള്ളിമല വനത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു.