ന്യൂഡൽഹി: മദ്യപിച്ച് കാറിലെത്തിയ സംഘം ജെഎൻയു ക്യാംപസിലെ രണ്ട് വനിത വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. സംഭവം നടന്നത് ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ്. പെൺകുട്ടികളും ആൺകുട്ടികളും സാധാരണ ജെഎൻയു ക്യാംപസിൽ നടക്കാനിറങ്ങാറുണ്ട്. പുറത്തു നിന്നുള്ളവർക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കുന്നതിനും നിയന്ത്രണങ്ങളില്ല.
ഈ സ്വാതന്ത്യം മുതലെടുത്താണ് മദ്യപിച്ചെത്തിയ ആളുകൾ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി സംസാരിച്ചതിന് ശേഷം വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. തുടർന്ന് അവർ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഇവരെയും കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് രക്ഷപ്പെട്ടു. പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി.