ആലപ്പുഴ: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷ് ആത്മഹത്യക്കു ശ്രമിച്ചു. ജയിലിൽ വച്ച് കഴുത്തു മുറിച്ചാണ് പ്രതി ആത്മഹത്യക്കു ശ്രമിച്ചത്. അതേസമയം, മകളെ കൊലപ്പെടുത്തിയത് വിരോധം മൂലമാണെന്ന് എഫ്ഐആറിൽ പറയുന്നു. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
പ്രതി കുട്ടിയെ കൊലപ്പെടുത്തുന്നതിനായി പ്രത്യേക മഴു ഉണ്ടാക്കിയതായും പൊലീസ് വ്യക്തമാക്കി. ഈ മഴു കണ്ടെടുത്തിട്ടുണ്ട്. മാവേലിക്കര പുന്നമ്മൂട്ടിൽ ബുധനാഴ്ച്ച രാത്രിയാണ് പിതാവ് 6 വയസുകാരിയായ മകൾ നക്ഷത്രയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്നത്.
നക്ഷത്രയുടെ മാതാവ് 3 വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. രാത്രി ഏഴരയോടെയാണ് സംഭവം. ബഹളം കേട്ട് ഓടിവന്ന മഹേഷിൻറെ അമ്മയേയും മഴുവച്ച് ഇയാൾ വെട്ടി. പൊലീസ് കോൺസ്റ്റബിളുമായി പുനർ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും മഹേഷിൻറെ സ്വഭാവ ദൂഷ്യം മൂലം വിവാഹം മുടങ്ങുകയായിരുന്നു. ഈ വിവാഹം മുടങ്ങിയതിൽ ഇയാൾ നിരാശയിലായിരുന്നെന്നും ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.