മലപ്പുറം: മന്ത്രി ആർ ബിന്ദു ആർഷോയെ കുറ്റവിമുക്തനാക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണം നടത്തുമ്പോൾ തന്നെ മന്ത്രി കുറ്റവിമുക്തനാക്കുന്നത് വിചിത്രം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി സതീശന്റെ വാക്കുകളിൽ നിന്നും; എന്തിൻ്റെ അടിസ്ഥാനത്തിലാണ് ആർഷോയെ കുറ്റവിമുക്തനാക്കിയത്. അന്വേഷണം തീരും മുൻപേ മന്ത്രി ഇങ്ങനെ പറയുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. പൊലീസ് വ്യാജരേഖ കേസിൽ ഒരു നടപടിയും എടുത്തിട്ടില്ല. വിദ്യ എസ്.എഫ്.ഐ നേതാവ് ആണ്. സോളാർ കമീഷൻ്റെ കീഴിൽ നടന്നത് മുഴുവൻ കോമാളിത്തരങ്ങൾ ആയിരുന്നു. ഹേമചന്ദ്രൻ പറഞ്ഞത് മുഴുവൻ വാസ്തവമാണ്. കെ-ഫോൺ കേബിൾ ചൈനീസ് ഉത്പന്നം ആണെന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പരിഹരിക്കുകയാണ് ചെയതത്.
എന്നാൽ, പി.എം ആർഷോ അധ്യാപകനെതിരെ മുന്നോട്ടു വച്ച പരാതിയിൽ എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു. റിപ്പോർട്ടിൽ പറയുന്നത് പരാതിയിൽ കഴമ്പില്ലെന്നാണ്. പുനർ മൂല്യനിർണയത്തിൽ കെ.എസ്.യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് കൂടുതൽ മാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. പ്രിൻസിപ്പലിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. 12 മാർക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽ കിട്ടിയതിൽ അസ്വാഭാവികത ഇല്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എ.ഐ.എസ്.എഫും മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി രംഗത്തെത്തിയിട്ടുണ്ട്. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ആർ.എസ് രാഹുൽ രാജ് ഇത് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എൽ.ഡി.എഫ് ഭരിക്കുമ്പോൾ ഉയരുന്ന ആരോപണം അപമാനം ഉണ്ടാക്കുന്നതാണെന്നും സർക്കാർ വിദ്യാർത്ഥി അധ്യാപക നിയമനങ്ങൾ അടക്കം പരിശോധിക്കണമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.