Timely news thodupuzha

logo

ജയിൽ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ളേഡ് എടുത്തു ശ്രീമഹേഷ് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നെന്ന് ജയിൽ സൂപ്രണ്ട്

മാവേലിക്കര: ആറ് വയസുകാരിയായ മകളെ വെട്ടികൊലപ്പെടുത്തിയ ശ്രീമഹേഷിൻ്റെ ആത്മഹത്യാശ്രമത്തിൽ പ്രതികരിച്ച് മാവേലിക്കര ജയിൽ സൂപ്രണ്ട്. പ്രതി അക്രമ സ്വഭാവത്തിലാണെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാളെ വാറൻ്റ് മുറിയിൽ എത്തിച്ച ശേഷം പൊലീസുകാർ മടങ്ങി. ഉദ്യോ​ഗസ്ഥർ രേഖകൾ തയ്യാറാക്കുന്നതിനിടെ കുറ്റവാളി പെട്ടെന്ന് പ്രകോപിതനാവുകയും ജയിൽ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പർ മുറിക്കുന്ന ബ്ളേഡ് എടുത്തു കഴുത്തിലെയും ഇടതു കൈയിലെയും ഞരമ്പുകൾ മുറിക്കുക ആയിരുന്നുവെന്നുമാണ് ജയിൽ സൂപ്രണ്ട് പറഞ്ഞത്.

ഇയാൾ ജയിലിൽ എത്തിച്ചപ്പോൾ ശാന്തനായിരുന്നു. അതുകൊണ്ടാണ് കുടുതൽ സുരക്ഷ ഏർപ്പെടുത്താതിരുന്നതെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ശ്രീമഹേഷിന്റെ ഭാര്യയുടെ മരണത്തിൽ സംശയമുണ്ടെന്ന് പരാമർശവുമായി വീട്ടുകാർ എത്തിയിരുന്നു. രണ്ട് വർഷം മുമ്പാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യ ആത്മഹത്യ ചെയ്തത്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായ് ഭാര്യയുടെ അമ്മ രാജശ്രീ പറഞ്ഞു. കൂടാതെ ശ്രീമഹേഷ്‌ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും പണം നൽകിയില്ലെങ്കിൽ 3 പേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും പിതാവ് ലക്ഷ്മണനും വ്യക്തമാക്കി.

അതേസമയം, മഹേഷിന്റെ നിലയിൽ പുരോഗതിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള മഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *