കണ്ണൂർ: ചികിത്സ തേടിയെത്തിയ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിച്ചതായി പരാതി. വാഹനപകടത്തിൽ പരിക്കേറ്റ് ഇന്നു വെളുപ്പിന് 2.30ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്‌ടർക്കു നേരെ അതിക്രമം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോൾ മുഖത്ത് രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ മുറിവ് സാരമുള്ളതല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇയാൾ നെഞ്ചിൽ വേദനയുണ്ടെന്നു പറഞ്ഞതിനാൽ ഡോക്ടർ തൊട്ടു നോക്കിയ സമയത്ത് ഡോക്ടർ കൈവീശി അടിക്കുകയായിരുന്നു. അതിനു ശേഷം മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തുവെന്ന് ഡോക്ടർ പറഞ്ഞു. ഉടൻ തന്നെ ഹോസ്പിറ്റലിലെ മറ്റു ജീവനക്കാർ ഒത്തുകൂടി പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോൾ ആരെ വേണമെങ്കിലും വിളിച്ചോളുവെന്നും പറഞ്ഞതായി ഡോക്ടർ അറിയിച്ചു.
സംഭവത്തിൽ ഡോക്ടർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചയ്ക്ക് ശേഷം തലശേരിയിൽ ഡോക്‌ടർമാർ പണിമുടക്ക് പ്രഖ്യാപിച്ചു.